അതിജീവനപ്പോരാട്ടത്തിന്റെ വിജയവഴിയില്‍ കോട്ടയം ജില്ലയിലെ ക്ഷീര മേഖല.


കോട്ടയം: കോവിഡിന്‍റെ ആദ്യ ഘട്ടത്തിലെന്ന പോലെ രണ്ടാം തരംഗത്തിലും കോട്ടയം ജില്ലയിലെ ക്ഷീരമേഖലയുടെ അതിജീവനപ്രയത്നം വിജയ വഴിയിലാണ്. ജില്ലാ ഭരണകൂടത്തിന്‍റെയും ക്ഷീര വികസന വകുപ്പിന്‍റെയും ഫലപ്രദമായ ഇടപെടലുകളാണ് കടുത്ത പ്രതിസന്ധിയിലേക്ക് വീഴാതെ ക്ഷീരകര്‍ഷകരെ താങ്ങി നിര്‍ത്തുന്നത്.

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന 245 ക്ഷീര സഹകരണ സംഘങ്ങളിലെ 11000 ത്തോളം ക്ഷീരകര്‍ഷകരില്‍ നിന്നും ദിവസവും രണ്ട് നേരം പാല്‍ സംഭരിച്ചു വിപണനം നടത്തിവരുന്നു. പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാലാണ് സംഘങ്ങള്‍ സംഭരിക്കുന്നത്. ഇതില്‍ 44000 ലിറ്റര്‍ പ്രാദേശികമായി വില്‍പ്പന നടത്തി ബാക്കി 56000 ലിറ്റര്‍ മില്‍മ എറണാകുളം മേഖലാ യൂണിയന് നല്‍കുകയും ചെയ്യുന്നു. കോവിഡ് ബാധിച്ച കര്‍ഷകരുടെ പശുക്കള്‍ക്ക് പരിചരണം ഉറപ്പാക്കാന്‍ ക്ഷീരസംഘങ്ങളുടെ ഭരണസമിതികളും ജീവനക്കാരും ജാഗ്രത പുലര്‍ത്തുന്നു. ഇതിനായി പല സ്ഥലങ്ങളിലും താത്കാലിക തൊഴുത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

തീറ്റ നല്‍കുന്നതും കറവയും ഉള്‍പ്പെടെ പശുക്കളുടെ പൂര്‍ണമായ പരിപാലനം നിര്‍വഹിക്കുന്ന സംഘങ്ങള്‍ ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും രോഗം മാറിയശേഷം ഇവയെ വീട്ടിലെത്തിച്ചു നല്‍കും. ഇതുവരെ നൂറോളം പശുക്കളെ ഇങ്ങനെ സംരക്ഷിച്ചിരുന്നു. ക്ഷീര സഹകരണ സംഘങ്ങള്‍ കോവിഡ് പ്രതിരോധ കിറ്റും കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഹോമിയോ പ്രതിരോധ മരുന്നുകള്‍, ആറ് ടണ്‍ പച്ചപ്പുല്ല്, 5.67 ലക്ഷം രൂപയുടെ വൈക്കോല്‍ എന്നിവ സൗജന്യമായി ലഭ്യമാക്കി. കോവിഡ് ബാധിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സംഘങ്ങള്‍ നല്‍കുന്ന സൗജന്യ കാലിത്തീറ്റയും ഇന്‍സെന്‍റീവുകളും പലചരക്ക്, പച്ചക്കറി കിറ്റുകളും വലിയ ആശ്വാസമാണ്.

കപ്പയുടെയും സംയോജിത കൃഷി ഉല്‍പ്പന്നങ്ങളുടെയും വിപണനം കടുത്ത പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ ക്ഷീര സംഘങ്ങള്‍ മുഖേന ഇവയുടെ വില്‍പ്പനയും നടത്തിവരുന്നു. ഈ സംവിധാനത്തിലൂടെ ഇതുവരെ 25000 കിലോയോളം കപ്പ വിറ്റു. അതിജീവനപ്പോരാട്ടത്തിനൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ക്ഷീര സംഘങ്ങള്‍ സജീവമാണ്. ജില്ലയിലെ സി.എഫ്.എല്‍.ടി.സികളില്‍ ഇതുവരെ 62000 രൂപയുടെ പാല്‍ സൗജന്യമായി നല്‍കി . കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് പ്രതിദിനം 1500 ലിറ്ററോളം പാല്‍ സൗജന്യമായി എത്തിക്കുന്നു. പലചരക്ക് സാധനങ്ങളും ഇങ്ങനെ നല്‍കിവരുന്നു.

ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന പാല്‍ പൂര്‍ണമായി സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും സഹായകമായത് ജില്ലാ ഭരണകൂടത്തിന്‍റെ പിന്തുണയും സഹകരണവുമാണെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു പറഞ്ഞു. വിപണനം പ്രതിസന്ധിയിലായ ഘട്ടത്തില്‍ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പാല്‍ വിതരണം നടത്തി. ഇതിന് ആവശ്യമായ അനുമതിയും ഫണ്ടും ജില്ലാ ഭരണകൂടം ലഭ്യമാക്കിയെന്ന് അവര്‍ പറഞ്ഞു.