അനുമതിയുള്ള വ്യാപാര സ്ഥാപനങ്ങൾ 14,15 തീയതികളിൽ തുറന്നു പ്രവർത്തിക്കും; കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഇളവുകൾ നല്കിയിരിക്കുന്നതിൽ സംസ്ഥാനത്ത് പ്രവർത്തനാനുമതിയുള്ള വ്യാപാര സ്ഥാപനങ്ങൾ 14,15 തീയതികളിൽ തുറന്നു പ്രവർത്തിക്കും എന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളിൽ കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സർക്കാർ വ്യാപാര മേഖലയ്ക്ക് കൂടുതൽ ഇളവുകൾ നൽകാനിരിക്കെ ഏകോപന സമിതി നടത്തുന്ന കടയടപ്പ് സമരം അനവസരത്തിലുള്ളതും ജനജീവിതത്തെ ദുസ്സഹമാക്കുന്നതുമാണെന്നു കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഇ എസ് ബിജു, പ്രസിഡന്റ് വി കെ സി മമ്മദ് കോയ എന്നിവർ പറഞ്ഞു.

കടയടപ്പ് സമരം നടത്തുന്നതിലൂടെ അവശ്യ സാധനങ്ങൾ ലഭിക്കാതെ ജനങ്ങൾ വലയുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നതെന്നും അവർ പറഞ്ഞു. രോഗ വ്യാപന തോത് കുറയുന്നതനുസരിച്ചു കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനു സർക്കാർ അനുമതി നൽകുന്നുണ്ട് എന്നും ഇരുവരും പറഞ്ഞു.