അൺലോക്ക്: സംസ്ഥാനത്ത് ശനി ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, മദ്യശാലകൾ തുറക്കും.


തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ നാളെ അർദ്ധരാത്രി അവസാനിക്കും. ടിപിആർ നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ 4 മേഖലകളായി തിരിച്ചായിരിക്കും ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുക.

സംസ്ഥാനത്ത് ശനി ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടിപിആർ 30 ൽ  കൂടുതൽ ഉള്ള മേഖലകളിൽ ട്രിപ്പിൾ ലോക്ഡൗൺ. 20 മുതൽ 30 വരെ ഉള്ള മേഖലകളിൽ സമ്പൂർണ ലോക്ഡൗൺ. എട്ടിനും 20 നും ഇടയിലുള്ള മേഖലകളിൽ ഭാഗിക ലോക്ഡൗൺ. എട്ടിൽ താഴെയാണെങ്കിൽ ഇളവുകൾ. പ്രതിദിന കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. വ്യാഴാഴ്ച മുതൽ പൊതുഗതാഗതം അനുവദിക്കും.

ബാങ്കുകൾ നിലവിലെ രീതിയിൽ തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. റസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. പാഴ്സൽ ആകാം. ഷോപ്പിങ് മാളുകൾ തുറക്കില്ല. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ തുറക്കും. മദ്യശാലകൾ രാവിലെ 9 മുതൽ 7വരെ പ്രവർത്തിക്കാൻ അനുമതി നൽകും. ആപ് വഴിയായിരിക്കും വിൽപ്പന നടത്തുക