ലോക്ക് ഡൗൺ: കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങളും ഇളവുകളും അനുവദിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി.


കോട്ടയം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടിയ സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി ജില്ലയിൽ നിയന്ത്രണങ്ങളും ഇളവുകളും അനുവദിച്ചു ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിറക്കി. നാളെ മാത്രം കൂടുതൽ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

ഈ ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കൊപ്പം അനുവദനീയമായ മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.ശനി ഞായർ ദിവസങ്ങളിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലയളവിൽ അനുവദനീയമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സൈറ്റ് എൻജിനീയർമാർ, സൂപ്പർവൈസർമാർ എന്നിവർക്ക് അവരുടെ സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ജോലി സ്ഥലത്തേക്കും വീട്ടിലേക്കും യാത്ര ചെയ്യാം. തുണിക്കടകൾ, സ്റ്റേഷനറിക്കടകൾ, ജൂവലറി, കണ്ണട, ഹിയറിങ് എയ്ഡ്സ് വ്യാപാര സ്ഥാപനങ്ങൾ, ചെരുപ്പുകട, ബുക്ക് ഷോപ്പുകൾ, മൊബൈൽ ഫോൺ വിൽപ്പന-സർവ്വീസ് കേന്ദ്രങ്ങൾ, മറ്റു സർവ്വീസ് സെന്ററുകൾ എന്നിവയ്ക്ക് നാളെ മാത്രം രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

വാഹന ഷോറൂമുകൾ അത്യാവശ്യ അറ്റകുറ്റപ്പണികൾക്ക് മാത്രമായി നാളെ മാത്രം രാവിലെ 7 മണി മുതൽ ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കാം. എന്നാൽ ഇവിടെ വിൽപ്പനയ്ക്ക് അനുമതിയില്ല. വളം വിൽപ്പന കേന്ദ്രങ്ങൾ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 11 മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റമില്ല. 

ശനി ഞായർ ദിവസങ്ങളിൽ അധിക നിയന്ത്രണങ്ങൾ:

*അടിയന്തര അവശ്യ സർവ്വീസിൽപ്പെട്ട കേന്ദ്ര-സംസ്ഥാന-സ്വയംഭരണ സ്ഥാപനങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കും യാത്ര ചെയ്യാൻ അനുമതി.

*അടിയന്തര അവശ്യ സർവ്വീസിൽപ്പെട്ടതും 24 മണിക്കൂറും പ്രവർത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും മറ്റു സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

*ടെലിക്കോം, ഇന്റർനെറ്റ് സേവനദാതാക്കളുടെ വാഹനങ്ങൾ, ജീവനക്കാർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

*ഐ ടി സ്ഥാപനങ്ങളുടെ പ്രവർത്തനം ആവശ്യം വേണ്ട ജീവനക്കാരെ ഉപയോഗിച്ച് നടത്തണം.

*ആശുപത്രി യാത്രയ്ക്ക് തടസമില്ല, രോഗികൾക്കും വാക്സിനേഷന് പോകുന്നവർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും മെഡിക്കൽ രേഖകളും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് യാത്ര ചെയ്യാം.

*അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ 7 മണി മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം.

*ഹോട്ടലുകളിലും ബേക്കറികളിലും പാർസൽ നൽകുന്നതിന് മാത്രമായി രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാം.

*ദീർഘദൂര ബസ്സ് സർവ്വീസുകൾ,ചരക്കുഗതാഗതം, പൊതുഗതാഗതം,എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ-പൊതു യാത്രാ വാഹനങ്ങൾ ആവശ്യമായ രേഖകളോടെ അനുവദിക്കും.

*കോവിഡ് ജാഗ്രതാ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രം നടത്തണം. 

കണ്ടെയിന്മെന്റ് സോണുകളിൽ ഇളവുകൾ അനുവദനീയമല്ലെന്നും ഈ മേഖലകളിൽ അധിക നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യൻ ശിക്ഷാ നിയമം 188,169 വകുപ്പുകൾ പ്രകാരവും ദുരന്ത നിവാരണ നിയമം 2005 പ്രകാരവും നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.