സമ്പൂർണ്ണ ലോക്ക് ഡൗൺ: ജില്ലയിൽ കർശന നിയന്ത്രണങ്ങൾ, പരിശോധന ശക്തമാക്കും.


കോട്ടയം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ദ്വിദിന ലോക്ക് ഡൗണിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങളും ശക്തമായ പരിശോധനയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ജില്ലാ കളക്ടർ എം അഞ്ജന, ജില്ലാ പോലീസ് മേധാവി ഡി. ശില്പ എന്നിവർ പറഞ്ഞു.

ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവ കര്‍ശനമായി നടപ്പിലാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറഞ്ഞു. ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പോയി പാര്‍സല്‍ വാങ്ങാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി മാത്രം. രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ ബേക്കറികള്‍ക്കും ഈ സമയം വരെ പ്രവര്‍ത്തിക്കാം വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, ടെലികോം ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാം.

ഭക്ഷ്യോത്പ്പന്നങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറി പാല്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ രാത്രി 7 മണി വരെ വ്യാപാരം നടത്താം. അത്യാവശ്യ യാത്രകള്‍ക്കായി വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് പോകുകയും വരികയും ചെയ്യാം. എന്നാല്‍ യാത്രാരേഖകള്‍ കരുതേണ്ടതാണ്. വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നവര്‍, രോഗികളുടെ കൂട്ടിരുപ്പുകാര്‍ തുടങ്ങിയവര്‍ക്കും രേഖകള്‍ കാണിച്ച് യാത്ര ചെയ്യാവുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചശേഷം നടത്താം.

ഈ ദിവസങ്ങളില്‍ വിലക്കുകള്‍ ലംഘിച്ച് ആരും അനാവശ്യ യാത്രകള്‍ക്ക് മുതിരരുതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കോവിഡ് ജാഗ്രതാ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രം നടത്തണം എന്നും ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. കണ്ടെയിന്മെന്റ് സോണുകളിൽ ഇളവുകൾ അനുവദനീയമല്ലെന്നും ഈ മേഖലകളിൽ അധിക നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.

നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യൻ ശിക്ഷാ നിയമം 188,169 വകുപ്പുകൾ പ്രകാരവും ദുരന്ത നിവാരണ നിയമം 2005 പ്രകാരവും നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലെയും പോലീസ് ചെക്ക് പോയിന്റുകളിൽ കർശന വാഹന പരിശോധനയ്ക്കു നിർദ്ദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.