കോവിഡ് മഹാമാരി ജില്ലയിൽ കവർന്നെടുത്തത് 224 കുട്ടികളുടെ സുരക്ഷിത കരങ്ങളെ.


കോട്ടയം: ആഗോള മഹാമാരിയായി ലോകമെങ്ങും നാശം വിതച്ചു കൊണ്ടിരിക്കുന്ന കോവിഡ് മൂലം സുരക്ഷിതത്വമില്ലാതായത് നിരവധി കുട്ടികൾക്കാണ്. മാതാപിതാക്കൾ നഷ്ട്ടപ്പെട്ട കുട്ടികളിൽ കോവിഡ് എന്നും ഒരു ഭീതിയുടെ നിഴലാണ് സൃഷ്ടിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ ശിശുസംരക്ഷണ സമിതിയുടെ കണക്കുകൾ പ്രകാരം കോട്ടയം ജില്ലയിൽ മാത്രം 224 കുട്ടികളുടെ സുരക്ഷിത കരങ്ങളെയാണ് കോവിഡ് കവർന്നെടുത്തത്.

മാതാപിതാക്കൾ ഇരുവരും നഷ്ടപ്പെട്ട 8 കുട്ടികളാണ് ജില്ലയിലുള്ളത്. 216 കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾ കോവിഡ് മൂലം മരണപ്പെട്ടു. കോവിഡ് മഹാമാരിയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സർക്കാർ ധനസഹായം നൽകുന്നതിന്റെ ഭാഗമായി ജില്ലാ ശിശുസംരക്ഷണ സമിതി തയ്യാറാക്കിയ കണക്കുകളാണിത്.

18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മാത്രം വിവരങ്ങളാണ് അങ്കണവാടികൾ വഴി ജില്ലാ ശിശുസംരക്ഷണ സമിതി ശേഖരിച്ചിരിക്കുന്നത്. 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് 2000 രൂപ വീതം എല്ലാ മാസവും ലഭിക്കും. കൂടാതെ 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും ലഭ്യമാക്കും.