തലയാഴം ഗ്രാമ പഞ്ചായത്ത്‌ കമ്മ്യുണിറ്റി കിച്ചണിൽ സ്നേഹം വിളമ്പി മുപ്പത്തീസ് കിച്ചൺ ഉടമകളായ രാജുവും ഷാജിയും.


തലയാഴം:തലയാഴം ഗ്രാമ പഞ്ചായത്ത്‌ കമ്മ്യുണിറ്റി കിച്ചണിൽ സ്നേഹം വിളമ്പി മുപ്പത്തീസ് കിച്ചൺ ഉടമകളായ രാജുവും ഷാജിയും. തലയാഴം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യുണിറ്റി കിച്ചൺ വഴി ഇന്നലെ ഇവർ വിളമ്പിയത്  ബിരിയാണിക്കൊപ്പം ഒരുമയുടെ സ്നേഹവുമാണ്.

തലയാഴം ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡ്‌ വിയറ്റ്നാം ജംഗ്ഷനിൽ ബേക്കറിയും കേറ്ററിംഗ് സർവ്വീസും നടത്തുന്ന ഇവർ ഇവരുടെ മാതാവ് പാപ്പിയമ്മയുടെ സ്മരണാർത്ഥമാണ് കമ്മ്യുണിറ്റി കിച്ചനിലൂടെ ഭക്ഷണം വിതരണം ചെയ്തത്. കോവിഡ് പ്രതിരോധത്തിൽ നാടൊന്നിക്കുമ്പോൾ തങ്ങളാലാകും വിധം സഹായിക്കാനായ സന്തോഷത്തിലാണ് ഇരുവരും. കമ്മ്യുണിറ്റി കിച്ചണിൽ നൽകുന്നതിനായി ഇവരുടെ വീട്ടിൽ തയ്യാറാക്കിയ ബിരിയാണി വാർഡ്‌ മെമ്പർ എം എസ് ധന്യക്ക് കൈമാറി.

ലഭ്യമാക്കിയ ഭക്ഷണ പൊതികൾ ഗ്രാമ പഞ്ചായത്തിൽ രോഗബാധിതരായി കഴിയുന്നവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം ആവശ്യമായ മറ്റുള്ളവർക്കും വാർഡ്‌തല ആർ ആർ ടി പ്രവർത്തകരിലൂടെ ആവശ്യക്കാരുടെ കൈകളിൽ എത്തിച്ചു. കഴിഞ്ഞ പ്രളയകാലത്തും ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായ ഹസ്തവുമായി ഭക്ഷണം എത്തിച്ചു ഇവർ നാടിനൊപ്പം ഉണ്ടായിരുന്നു.