ആറു വർഷമായി കളത്തിപ്പടിയിലെ അങ്കണവാടി കെട്ടിടത്തിൽ അഭയം തേടി അമ്മയും ഭിന്നശേഷിക്കാരനായ മകനും.


കോട്ടയം: ആറു വർഷമായി കളത്തിപ്പടിയിലെ അങ്കണവാടി കെട്ടിടത്തിൽ അഭയം തേടി അമ്മയും ഭിന്നശേഷിക്കാരനായ മകനും. വിജയപുരം ഗ്രാമ പഞ്ചായത്തിലെ കളത്തിപ്പടിയിലെ അങ്കണവാടി കെട്ടിടത്തിനു മുന്നിലാണ് കോട്ടയം അയ്മനം സ്വദേശിനിയായ ലീലാമ്മയും ഭിന്നശേഷിക്കാരനായ മകൻ ജോമോനും താമസിക്കുന്നത്.

സ്വന്തമായി ഉണ്ടായിരുന്ന സ്ഥലം വിറ്റ പൈസയുമായി 6 വർഷം മുൻപ് ഭർത്താവ് ഇവരെ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു എന്ന് ലീലാമ്മ പറഞ്ഞു. വെയിലും മഴയുമേറ്റു അങ്കണവാടിയുടെ മുൻഭാഗത്താണ് ഇവർ കഴിയുന്നത്. കുട്ടികൾ പഠനത്തിനായി എത്താത്തതിനാൽ പകലും ഇവിടെ കഴിയുന്ന ഇവർ കുട്ടികൾ എത്തുമ്പോൾ സമീപത്തുള്ള വീടുകളുടെ പരിസരത്തേക്ക് മാറിയിരിക്കുകയാണ് ചെയ്യുന്നത്. മൂന്നു ദിവസങ്ങളോളം ഭക്ഷണം പോലും കഴിക്കാതെ വെള്ളം മാത്രം കുടിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് നൊമ്പരപ്പെടുത്തുന്ന വിവരങ്ങളും ലീലാമ്മ പങ്കുവെച്ചു.

വെള്ളം സമീപത്തു നിന്നും ലഭിക്കുന്നതിനാൽ കുടിക്കാനും മറ്റു ആവശ്യങ്ങൾക്കും ബുദ്ധിമുട്ടില്ല. ചില ദിവസങ്ങളിൽ വടവാതൂരിലെയും കളത്തിപ്പടിയിലെയും ഹോട്ടലുകാർ ഇവർക്ക് ഭക്ഷണം നൽകാറുണ്ട്. മകന് മാനസിക വിഭ്രാന്തിയുള്ളതിനാൽ ഇടയ്ക്കിടെ വലിയ ശബ്ദങ്ങൾ ഉണ്ടാകുന്നതിനാലും സമീപവാസികൾ ഇവർ ഇവിടെ താമസിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. സുമനസ്സുകളുടെ സഹയാത്താലാണ് ഇവരുടെ ദൈനംദിന ചിലവുകൾ പോലും നടക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ സഹയാത്താൽ കഴിഞ്ഞ ദിവസം മുതൽ ഭക്ഷണം ലഭിച്ചു തുടങ്ങിയെന്നും ഇവർ പറഞ്ഞു. കയ്യിലുള്ള തുണികൾ മാത്രമാണ് ഇവരുടെ ആകെ സമ്പാദ്യം. ദുരിതക്കയത്തിൽ പിടിച്ചു നിൽക്കാനാകാതെ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചതായി ലീലാമ്മ പറഞ്ഞു. കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടാണ് ഇവരുടെ ആവശ്യം. എന്നാൽ ഇവർ പൊതുവിഭാഗത്തിലാണ് ഉൾപ്പെടുന്നതും മറ്റു വിഭാഗക്കാർക്ക് ലഭിക്കുന്ന അത്ര വേഗത്തിൽ വീട് ലഭിക്കാൻ സാഹചര്യമില്ലെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ടി സോമൻകുട്ടി പറഞ്ഞു. സുമനസ്സുകളുടെ സഹായത്തോടു കൂടി മാത്രമേ ഇവർക്ക് സുരക്ഷിതമായ ഭവനം ലഭ്യമാക്കാൻ സാധിക്കു എന്ന് അദ്ദേഹം പറഞ്ഞു. മഴ ശക്തമാകുന്നതോടെ ഇവരുടെ അവസ്ഥ കൂടുതൽ ദുരിതമാകും. സുമനസ്സുകളുടെ സഹായഹസ്തം തങ്ങൾക്കൊപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മയും മകനും.