സ്ത്രീധന പീഡനം: കോട്ടയം ജില്ലയിലും കേസുകളുടെ എണ്ണത്തിൽ കുറവില്ല, ഈ വർഷം രജിസ്റ്റർ ചെയ്തത് 33 കേസുകൾ.


കോട്ടയം: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിൽ കോട്ടയം ജില്ലയിലും കുറവില്ല. ഈ വർഷം ഇതുവരെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 33 കേസുകളാണ്. ഗാർഹിക പീഡനവും മദ്യപിച്ചുള്ള അതിക്രമങ്ങളും സംശയം മൂലമുള്ള പ്രശ്നങ്ങൾ എന്നിവയിലെ പരാതികൾ കൂടാതെയുള്ള കണക്കാണിത്. ലോക്ക് ഡൗൺ കാലത്ത് ഗാർഹിക പീഡനങ്ങൾ വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. 71 കേസുകളാണ് സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചതിനു ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.  സ്ത്രീധനം കുറഞ്ഞു പോയി എന്ന് ആരോപിച്ചു മർദ്ധിക്കുക, പറഞ്ഞുറപ്പിച്ച പണം നൽകിയില്ല തുടങ്ങി നിരവധി കാരണങ്ങളിലാണ് സ്ത്രീകൾ അതിക്രമങ്ങൾക്ക് വിധേയരാകുന്നത്. ചില കേസുകളിൽ ഭർതൃ വീട്ടുകാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ മാസവും നൂറിലധികം കേസുകളാണ് ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ എത്തുന്നത് എന്ന് അധികൃതർ പറയുന്നു. ഇവിടെ നിന്നും നേരിട്ടെത്തി പരാതി അന്വേഷിക്കുകയും നിയമസഹായം നൽകുകയും ചെയ്യും. സങ്കീർണ്ണമായ കേസുകൾ പൊലീസിന് കൈമാറുകയും കൗൺസലിംഗ് സെഷനുകൾ ഒരുക്കി നൽകുകയും ചെയ്യും.