വൈറ്റില: വൈറ്റിലയിൽ കാറുകളുടെ മത്സരയോട്ടത്തിനിടെ അപകടത്തിൽപ്പെട്ടു ചങ്ങനാശ്ശേരി സ്വദേശിയായ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ ജിമ്മി ചെറിയാനാണ് അപകടത്തിൽ മരിച്ചത്.
ഇദ്ദേഹം നിലവിൽ കൊച്ചി വൈറ്റിലയിലാണ് താമസം. രണ്ട് കാറുകൾ തമ്മിൽ ദേശീയ പാതയിലെ മത്സരയോട്ടത്തിനിടെയാണ് അപകടം സംഭവിച്ചത്. വൈറ്റിലയിൽ സർവ്വീസ് റോഡിൽ നിന്നും ദേശീയ പാതയിലേക്ക് കയറുന്നതിനിടെ അമിത വേഗതയിൽ എത്തിയ കാർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജിമ്മി ചെറിയാന് ഗുരുതരമായി പരിക്കേറ്റിരുന്നു.
സ്‌കൂട്ടറിൽ ഇടിച്ച കാറിനു പിന്നാലെ എത്തിയ മൂന്ന് കാറുകളും അപകടത്തിൽപ്പെട്ടു. പരിക്കേറ്റ ജിമ്മിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്നാണ് വിവരം. കൊല്ലം സ്വദേശിയുടെ കാറാണ് സ്‌കൂട്ടറിൽ ഇടിച്ചത്. വൈറ്റില സ്വദേശിയുടേതാണ് മത്സരയോട്ടം നടത്തിയ മറ്റൊരു കാർ
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നിരത്തിൽ കാറുകളുടെ മത്സരയോട്ടം നടന്നതും ഒരു ജീവൻ പൊലിഞ്ഞതും.