കണ്ടെയ്ൻമെന്റ് സോണുകളിൽ ക്വാറന്റീനിൽ കഴിയുന്ന കുടുംബങ്ങൾക്ക് റേഷൻ വീട്ടിലെത്തിക്കും; ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി.


തിരുവനന്തപുരം: കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ കോവിഡ് പോസിറ്റീവോ ക്വാറന്റീനിലോ ആകുന്ന കുടുംബങ്ങൾക്ക് വീടുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

താലൂക്ക് സപ്ലൈ ഓഫീസർമാർ ഇത് ഉറപ്പുവരുത്തി റേഷനിംഗ് ഇൻസ്‌പെക്ടർമാരുടെ സാന്നിധ്യത്തിൽ വേണം റേഷൻ എത്തിക്കാൻ നടപടി സ്വീകരിക്കേണ്ടത്. അർഹതയുള്ള കുടുംബങ്ങൾക്ക് ബയോമെട്രിക്ക് സംവിധാനം ഒഴിവാക്കി ഇ പോസിൽ വിവരം രേഖപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളോ ജില്ലാ കളക്ടർ തീരുമാനിക്കുന്ന അംഗീകൃത വോളണ്ടിയർ വഴിയോ റേഷൻ വീടുകളിലെത്തിക്കാം. ഇത്തരത്തിലുള്ള വിതരണത്തിന്റെ സർട്ടിഫിക്കറ്റ് സൂക്ഷിക്കുകയും റേഷൻ കടകളിലെ രജിസ്റ്ററിൽ വിവരം രേഖപ്പെടുത്തുകയും വേണമെന്ന് മന്ത്രി അറിയിച്ചു.

ക്വാറന്റീനിൽ കഴിയുന്നവർക്ക് റേഷൻ ലഭിക്കാൻ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. റേഷൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗുണഭോക്താക്കളുടെ അഭിപ്രായം അറിയാൻ മന്ത്രി നടത്തിയ സൂം മീറ്റിലാണ് ആവശ്യമുയർന്നത്.