എരുമേലിയിൽ സ്വാകാര്യ കോവിഡ് പരിശോധനാ കേന്ദ്രം വീണ്ടും ആരംഭിച്ചു, അകലം പാലിച്ചു പ്രവർത്തിക്കണമെന്നും പൂട്ടാൻ ആവശ്യപ്പെട്ടിട്ടില്ല എന്നും പോലീസ്.


എരുമേലി: ആൾക്കൂട്ടത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം പോലീസെത്തി പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയ എരുമേലിയിലെ സ്വകാര്യ കോവിഡ് പരിശോധനാ ലാബ് വീണ്ടും പ്രവർത്തനം ആരംഭിച്ചു. ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്നും അതിനു സാധ്യമല്ലെങ്കിൽ പ്രവർത്തിക്കരുത് എന്നുമാണ് നിർദ്ദേശം നൽകിയതെന്ന് എരുമേലി പോലീസ് പറഞ്ഞു. ഈ നിർദ്ദേശം തെറ്റായി മനസ്സിലാക്കി ലാബ് ജീവനക്കാർ അടച്ചിടുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്. ഇടുങ്ങിയ മുറിയിൽ പ്രവർത്തിക്കുന്ന ലാബിൽ ജീവനക്കാർക്ക് പോലും സാമൂഹിക അകലം പാലിച്ചു നിൽക്കാനാകുന്നില്ല എന്നും പരിശോധനയ്ക്കായി എത്തുന്നവർ റോഡിൽ കൂട്ടം കൂടി നിൽക്കുകയുമാണെന്നു പോലീസ് പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ പ്രാധാന്യത്തോടെ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് ലാബ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ലാബ് പ്രവർത്തനം അവസാനിപ്പിച്ചതോടെ നിരവധിപ്പേർ പോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിരവധിയാളുകൾ വീണ്ടും കോവിഡ് പരിശോധനയ്ക്കായി നിരന്തരണം ബന്ധപ്പെടുന്നതിനാലാണ് ലാബ് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചതെന്നു ജീവനക്കാർ പറഞ്ഞു. എരുമേലിക്കാർക്ക് ഏക ആശ്രയമായി ആകെയുണ്ടായിരുന്ന സ്വകാര്യ കോവിഡ് പരിശോധനാ ലാബ് ആണ് ഇത്. പരിശോധനാ കിറ്റുകൾ ലഭ്യമല്ലാത്തതിനാൽ മിക്ക ദിവസങ്ങളിലും എരുമേലി ഗവണ്മെന്റ് ആശുപത്രിയിൽ കോവിഡ് പരിശോധന നടക്കാറില്ല. ഈ അവസരത്തിൽ എരുമേലിക്കാർക്കും മലയോര മേഖലകളിൽ നിന്നും എരുമേലി ആശുപത്രിയിൽ എത്തുന്നവർക്കും ആശ്രയം ഈ പരിശോധനാ കേന്ദ്രമാണ്. പരിശോധനാ കിറ്റുകൾ ലഭ്യമല്ലാത്തതിനാൽ എരുമേലി ഗവണ്മെന്റ് ആശുപത്രിയിൽ കോവിഡ് പരിശോധന താത്ക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. കഴിഞ്ഞ ശബരിമല സീസൺ സമയത്ത് താത്ക്കാലികമായി ആരംഭിച്ചതാണ് ഈ കോവിഡ് പരിശോധനാ ലാബ്.