ചേര്‍പ്പുങ്കല്‍ സമാന്തര പാലം നിര്‍മ്മാണം: സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; ജോസ് കെ മാണി.


പാലാ: ചേര്‍പ്പുങ്കലില്‍ നിര്‍മ്മാണം ആരംഭിച്ച സമാന്തര പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ പുനരാരംഭിക്കണമെന്ന് കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു. 9.17 കോടി രൂപ വകയിരുത്തിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഗവണ്‍മെന്റ് ആരംഭിച്ചുവെങ്കിലും തൂണുകളുടെ പണി പൂര്‍ത്തിയായ ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു പോകുകയായിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ എസ്റ്റിമേറ്റില്‍ നാല് സ്പാനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വരേണ്ടിയിടത്ത് ഒരു സ്പാനിന്റെഅളവേഎസ്റ്റിമേറ്റില്‍ഉള്‍പ്പെടുത്തിയിട്ടുള്ളൂവെതിനാല്‍ ആവശ്യമായി വരുന്ന ബാക്കി മൂന്നു സ്പാനുകളുടെ അളവുകള്‍ കൂടി പുതിയതായി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തേണ്ടതായിട്ടുണ്ട്. എസ്റ്റിമേറ്റ് തുകയില്‍ ഇതിനുള്ള പണം ഉള്ളതിനാല്‍ അധികമായി സര്‍ക്കാരിന് കണ്ടെത്തേണ്ടതായി വരുന്നില്ല. പൊതമരാമത്ത് വകുപ്പില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടായാല്‍ എത്രയും വേഗം പണികള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് കോണ്‍ട്രാക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രകാരം ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ പാലം നിര്‍മ്മിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു.

എത്രയും വേഗം പണികള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് ഈ നിയമസഭാ സമ്മേളന കാലയളവില്‍ത്തന്നെ ആവശ്യപ്പെടുമെന്നും അനുകൂല തീരുമാനം എടുത്ത് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ആരംഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും  ജോസ് കെ മാണി അറിയിച്ചു. സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം എല്‍ എ, കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സി.പി.എം കിടങ്ങൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എസ് ജയന്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കീക്കോലില്‍, കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ്  നിമ്മി ട്വിങ്കിള്‍ രാജ്, വൈസ് പ്രസിഡന്റ് രാജേഷ്, കിടങ്ങൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം ബിനു, മിനി ജെറോം, കേരളാ കോണ്‍ഗ്രസ്എം ജില്ലാ സെക്രട്ടറി  പ്രദീപ് വലിയപറമ്പില്‍,ജോസഫ് ചാമക്കാലാ, രാധാകൃഷ്ണക്കുറുപ്പ്,ഷെറി ആരംപുളിക്കല്‍, ഗോപി ചെരുവില്‍,ജെയ്‌മോന്‍ പരിപ്പീറ്റത്തോട്ട് എന്നിവര്‍ ജോസ് കെ മാണിക്കൊപ്പമുണ്ടായിരുന്നു.