ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി, വിദ്യാർത്ഥികൾ ഓഫ്‌ലൈനിലാണ്.


കോട്ടയം: ഈ വർഷത്തെ അധ്യയനം ജൂൺ 1 മുതൽ ഓൺലൈനായി ആരംഭിക്കാനിരിക്കെ ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ നിരവധി വിദ്യാർത്ഥികളാണ് ഓൺലൈൻ സംവിധാനം ലഭ്യമല്ലാത്തതിനെ തുടർന്ന് വലയുന്നത്. ഡിജിറ്റൽ ക്ലാസ്സുകൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിരവധി വിദ്യാർത്ഥികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഓൺലൈൻ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നത്.

ഓൺലൈൻ ക്ലാസ്സുകൾ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ സജ്‌ജമാക്കാൻ സാധിക്കാത്തവരും പരിമിതമായ നെറ്റ്‌വർക്ക് സിഗ്നലുകളിൽ ബുദ്ധിമുട്ടുന്നവരും ഇക്കൂട്ടത്തിലുണ്ട്. സന്നദ്ധ സംഘടനകളുടെയോ മറ്റു വ്യക്തികളുടെയോ സഹായഹസ്തം പ്രതീക്ഷിക്കുകയാണ് വിദ്യാർഥികൾ. ജുൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിൽ ക്ലാസ്സുകൾ സംപ്രേക്ഷണം ചെയ്‌തു തുടങ്ങും. ജൂൺ രണ്ട് മുതൽ നാലു വരെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണം തുടങ്ങും. പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴ് മുതലും ആരംഭിക്കും.

ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാവും കൈറ്റ് വിക്ടേഴ്‌സിലൂടെ ക്ലാസുകൾ നൽകുക. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് അതത് അധ്യാപകർക്ക് ഉറപ്പാക്കാനുള്ള അവസരം നൽകാനാണ് ആദ്യ ആഴ്ചകളിലെ ട്രയൽ സംപ്രേഷണം. ഈ അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർ ക്ലാസുകൾ. അധ്യയനവർഷം ആരംഭിച്ചാലും കോവിഡ് പശ്ചാത്തലത്തിൽ മുൻവർഷത്തെപ്പോലെ ഡിജിറ്റൽ ക്ലാസുകളായിരിക്കും നടത്തുക. ഈ അവസരത്തിൽ ഓൺലൈൻ സംവിധാനം എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാകുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടതാണ്.

ഡിജിറ്റൽ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് വിവിധ സർക്കാർ പൊതുമേഖലാ ഏജൻസികൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ ഇടപെടലിലൂടെ ഡിജിറ്റൽ ക്ലാസ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിവിധ സംഘടനകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ടിവിയും സ്മാർട്ട് ഫോണുകളും നൽകി വരുന്നുണ്ട്. വീടുകളില്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ വർഷം നടപ്പിലാക്കിയത്‌ പോലെ പൊതു സംവിധാനങ്ങളിൽ സജ്ജമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.