എല്ലാ പ്രളയകാലത്തും ഒറ്റപ്പെടലിൻ്റെ ദുരന്തം ഏറ്റുവാങ്ങുന്ന കുരുമ്പൻമൂഴി, കനത്ത മഴയിൽ കോസ് വേ വെള്ളത്തിനടിയിലായി.


മുക്കൂട്ടുതറ: ശക്തമായ ഒറ്റ മഴ മതി കുരുമ്പൻമൂഴി കോസ് വേ വെള്ളത്തിനടിയിലാകാനും ഒരു പ്രദേശം മുഴുവൻ ഒറ്റപ്പെടലിലേക്ക് അകപ്പെടാനും. ചൊവ്വാഴ്ച്ച രാത്രി ആരംഭിച്ച ശക്തമായ മഴയിൽ മേഖലയിലേക്കുള്ള ഏക പ്രവേശന പാതയായ കുരുമ്പൻമൂഴി കോസ് വേ വെള്ളത്തിനടിയിലായി. വർഷങ്ങളായി കാലവർഷം എത്തുമ്പോൾ ഈ മേഖലയിലുള്ളവർ ദുരിതത്തിലാണ്.

വെള്ളം കയറുന്നതോടെ ഒരു പ്രദേശം മുഴുവനും ഒറ്റപ്പെടുകയാണ്. ശക്തമായ മഴയിൽ വെള്ളം കയറിയ കുരുമ്പൻമൂഴി കോസ് വേയിൽ ദുരന്ത നിവാരണ സേന ക്യാമ്പ് ചെയ്യുന്നുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ അക്കരയെത്തണമെങ്കിൽ ഇവരുടെ സഹായം കൂടിയേ തീരു. ഒരു പുതിയ പാലം എന്നത് കാലങ്ങളായുള്ള ഇവിടുത്തെ ജനങ്ങളുടെ ആവശ്യമാണ്. ഇന്ന് സ്ഥലം സന്ദർശിച്ച എംപി ആന്റോ ആന്റണിയോടും എംഎൽഎ പ്രമോദ് നാരായണനോടും ജനങ്ങൾ ഇക്കാര്യം വീണ്ടും ആവർത്തിച്ചോർമ്മിപ്പിച്ചു.

കോവിഡ് ബാധിതരായ നിരവധിപ്പേർ മേഖലയിൽ കഴിയുന്നുണ്ട്. ഒപ്പം മറ്റു രോഗബാധിതരായവരും. പ്രളയ കാലത്ത് കോസ് വേയിൽ വെള്ളം കയറുന്നതോടെ ആഴ്ചകളോളം മറ്റു സഹായങ്ങൾ ലഭ്യമാകാതെ ഒറ്റപ്പെടലിൽ കഴിയുകയാണ് ഈ മേഖലയിലുള്ളവർ. പുതിയ പാലം എന്ന വർഷങ്ങളായുള്ള ഇവരുടെ ആവശ്യം നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.