കോവിഡ് ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലും പൂർണ്ണ സഹകരണവുമായി ജില്ലയിലെ സ്വകാര്യ ആശുപത്രികൾ.


കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിദിനം കൂടുതൽ പേർ രോഗബാധിതരാകുന്ന കോട്ടയം ജില്ലയിൽ കോവിഡ് ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലും പൂർണ്ണ സഹകരണവുമായി ജില്ലയിലെ സ്വകാര്യ ആശുപത്രികൾ. രോഗബാധിതർക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഭാഗമായി സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സയ്ക്കായുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ കോട്ടയം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകളാണ് കോവിഡ്  ചികിത്സക്കായി മാറ്റിവച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കും പരിചരണത്തിനും ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍, ആശുപത്രികളിലെ കിടക്കകള്‍, ഐ.സി.യു, വെന്‍റിലേറ്റര്‍, ആംബുലൻസ്  തുടങ്ങിയവ സംബന്ധിച്ച  വിവരങ്ങള്‍ ഏതു സമയത്തും ലഭ്യമാക്കുന്ന കണ്‍ട്രോള്‍ റൂം കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവർത്തിക്കുന്നുണ്ട്. ഓക്സിജൻ ലഭ്യതയുടെ വിവരങ്ങൾ കൃത്യമായി കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ഓക്സിജൻ വാർ റൂമിൽ പരിശോധിക്കുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലും ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നു ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. കോവിഡ് കണ്ട്രോൾ സെല്ലിന്റെ പ്രവർത്തങ്ങൾ വിലയിരുത്താൻ കോട്ടയം സബ് കളക്ടർ രാജീവ് കുമാർ ചൗധരി കാരിത്താസ് ആശുപത്രി സന്ദർശിച്ചിരുന്നു.