വൈക്കം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രോഗബാധിതരിൽ കൂടുതൽ പരിചരണം ആവശ്യമായി വരുന്നവരെ പ്രവേശിപ്പിക്കുന്നതിനായി വൈക്കത്ത് കോവിഡ് സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രം തയ്യാറാക്കുന്നു. വൈക്കം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിലാണ് കോവിഡ് സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രം തയ്യാറാക്കുന്നത്. ചികിത്സാ കേന്ദ്രത്തിലെ സജ്ജീകരണങ്ങൾ സി കെ ആശ എംഎൽഎ നേരിട്ടെത്തി വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിലായി വൈക്കം മേഖലകളിൽ കൂടുതലായി രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുമെന്നും സി കെ ആശ പറഞ്ഞു. വൈക്കത്ത് പണിപൂർത്തിയായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 150 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി പരിവർത്തനപ്പെടുത്തിയിരുന്നു. നിലവിൽ വൈക്കം മുനിസിപ്പൽ ടൗൺഹാളിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ രോഗബാധിതരായി നിറഞ്ഞിരിക്കുകയാണ്. മണ്ഡലത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ഡൊമിസിലിയറി കെയർ സെന്ററുകളും ഇതിനകം സജ്ജീകരിച്ചു കഴിഞ്ഞതായി സി കെ ആശ പറഞ്ഞു.
വൈക്കം ബോയ്സ് ഹൈസ്കൂളിൽ കോവിഡ് സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രം തയ്യാറാക്കുന്നു.
