കോവിഡ്: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ താഴ്ന്നു, കോട്ടയത്ത് ആശങ്കയകലുന്നു, പ്രതിരോധത്തിന്‍റെ പുതിയ മാതൃക ഫലം കണ്ടത് ചിട്ടയായ മുന്നൊരുക്


കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനത്തിന്റെ ഭീതി അകലുന്നു. ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു. ആശങ്കാവഹമായി നിന്നിരുന്ന കോട്ടയം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ താഴ്ന്നത് ശുഭസൂചനയെന്നു ആരോഗ്യ വകുപ്പ്. പ്രതിരോധത്തിന്‍റെ പുതിയ മാതൃക ഫലം കണ്ടത് ചിട്ടയായ മുന്നൊരുക്കങ്ങളിലൂടെയാണെന്നു ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.

മെയ് 25 മുതൽ തുടർച്ചയായി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ താഴെയാണ്. ഇന്നലെ കോട്ടയം ജില്ലയിൽ 1167 പേർക്കാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.  ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക് 16.19 ശതമാനം വരെയെത്തിയിരുന്നു. ജില്ലയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ശുഭസൂചനയാണ്. ആദ്യ തരംഗത്തില്‍ കോവിഡ് ശക്തമായിരുന്ന കോട്ടയം ജില്ലയിൽ 2020 ജൂലൈ മുതല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചിട്ടയായ മുന്നൊരുക്കങ്ങളാണ് രണ്ടാം തരംഗത്തെ നേരിടാന്‍ ജില്ലയെ സജ്ജമാക്കിയത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു.

കൂടുതൽ രോഗബാധിതരുള്ള മേഖലകൾ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പരിശോധന ശക്തമാക്കുകയും ചെയ്തതോടെ രോഗ വ്യാപനം നിയന്ത്രിക്കാനായി. കണ്ടെയിന്മെന്റ് സോണുകളിൽ അധിക നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ആറു തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു പുറമെ അധിക നിയന്ത്രണങ്ങളും ഈ മേഖലകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ രോഗബാധിതർക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ മികവുറ്റ പ്രവർത്തനങ്ങളാണ് നടന്നത്.

കോവിഡ് ഡൊമിസിലറി കെയർ സെന്ററുകൾ, കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ, സെക്കണ്ടറി കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ, കോവിഡ് ആശുപത്രികൾ എന്നിവ സജ്ജമാക്കിയതിലൂടെ രോഗബാധിതരായവർക്ക് മികച്ച ചികിത്സ ഉറപ്പാക്കി. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെ 429 പേർ കോവിഡ് ബാധിച്ചു മരിച്ചു. 9788 പേരാണ് നിലവില്‍ ജില്ലയിൽ ചികിത്സയിലുള്ളത്.  ഇതുവരെ കോട്ടയം ജില്ലയിൽ ആകെ 178950 പേര്‍ കോവിഡ് ബാധിതരായി. 168170 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 42082 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.