കോട്ടയം: നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണമാണ് ജില്ലയിലെ 9 കേന്ദ്രങ്ങളിൽ ആരംഭിച്ചിരിക്കുന്നത്.
രാവിലെ 8 മണിക്ക് ജില്ലയിലെ കേന്ദ്രങ്ങളിൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. പാലാ നിയോജകമണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കാർമ്മൽ പബ്ലിക്ക് സ്‌കൂൾ, കടുത്തുരുത്തിയിലേക്കുള്ള സാമഗ്രികളുടെ വിതരണം സെന്റ്.വിൻസെന്റ് റസിഡൻഷ്യൽ സ്‌കൂൾ പാലാ, വൈക്കത്ത് ആശ്രമം സ്‌കൂളിലും, ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലേക്കുള്ളവ സെന്റ്.അലോഷ്യസ് സ്‌കൂൾ അതിരമ്പുഴയിലും, കോട്ടയം നിയോജക മണ്ഡലത്തിലേക്കുള്ളവ എം ഡി സെമിനാരി എച്എസ്എസ് കോട്ടയത്തും,
പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്ക് ബസേലിയസ് കോളേജ് കോട്ടയത്തും ചങ്ങനാശ്ശേരിയിലേക്കു എസ് ബി സ്‌കൂൾ ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളിയിൽ സെന്റ്.ഡൊമിനിക്സ് സ്‌കൂൾ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാർ നിയോജക മണ്ഡലത്തിലേക്കുള്ളവ സെന്റ്.ഡൊമിനിക്സ് കോളേജിലുമാണ് വിതരണം ചെയ്യുന്നത്. 2887 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 3128 വിവി പാറ്റ് യന്ത്രങ്ങളുമാണ് ജില്ലയിലേക്ക് സജ്ജമാക്കിയിരിക്കുന്നത്.
പോളിംഗ് സാമഗ്രികൾക്കൊപ്പം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാനിട്ടയ്‌സർ,പിപിഇ കിറ്റുകൾ,ഗ്ലൗസ്, മാസ്‌ക്കുകൾ എന്നിവയും വിതരണം ചെയ്യും. കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്നത്.
