കോട്ടയം: നമ്മുടെ ജില്ലയുടെ പ്രധാന ഭരണ സിരാകേന്ദ്രങ്ങൾ ഇപ്പോൾ നയിക്കുന്നത് വനിതകളാണ്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിതകളാണ്. ജില്ലാ പോലീസ് മേധാവിയായി ശില്പ ദ്യാവയ്യ ചുമതലയേറ്റതോടെയാണ് നമ്മുടെ കോട്ടയം ഈ അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്.
ജില്ലാ കളക്ടർ എം അഞ്ജന, ജില്ലാ പോലീസ് മേധാവി ശില്പ ദ്യാവയ്യ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി എന്നിവരാണ് നമ്മുടെ ജില്ലയെ മുന്നിൽ നിന്ന് നയിക്കുന്ന വനിതകൾ. ഇവർക്കൊപ്പം ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ വിജയക്കൊടി പാറിച്ചു കോട്ടയം നഗരത്തിന്റെ നഗര മാതാവായി ബിൻസി സെബാസ്റ്റ്യൻ,അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റായി ആശാ സി എബ്രഹാമും ഒപ്പം വിവിധ നഗരസഭാ,ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലും ഭരണ സാരഥ്യം വഹിക്കുന്നത് വനിതകളാണ്.
2020 ജൂൺ മുതൽ കോട്ടയം ജില്ലയുടെ കലക്ടറാണ് എം അഞ്ജന. നിലപാടുകളിൽ വ്യതിചലിക്കാതെ ജില്ലയെ മുന്നിൽ നിന്ന് നയിച്ച വ്യക്തിത്വമാണ് 2013 ഐഎഎസ് ബാച്ചുകാരിയും തിരുവനന്തപുരം പട്ടം സ്വദേശിനിയുമായ എം അഞ്ജനയുടേത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ നിർമ്മല ജിമ്മി ഇത് രണ്ടാം തവണയാണ് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത്. മുൻഅനുഭവ പരിജ്ഞാനത്തിൽ കോട്ടയത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകാൻ നിർമ്മല ജിമ്മിക്ക് സാധിക്കും. 2020 ഡിസംബറിലാണ് നിർമ്മലാ ജിമ്മി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കാസർഗോഡ് നിന്നും അക്ഷര നഗരിയിലേക്കെത്തിയ കോട്ടയത്തിന്റെ പുതിയ ജില്ലാ പോലീസ് മേധാവി 2016 ഐപിഎസ് ബാച്ചുകാരിയായ ബെംഗളൂരു സ്വദേശിനി ശില്പ ദ്യാവയ്യയും ചുമതലയേറ്റതോടെ വനിതകൾ നയിക്കുന്ന ജില്ലയായി കോട്ടയം മാറി. ആലപ്പുഴ ജില്ലയിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്ന ആശാ സി എബ്രഹാം ഫെബ്രുവരിയിലാണ് കോട്ടയം ജില്ലയുടെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആയി ചുമതലയേൽക്കുന്നത്.
ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ വിജയക്കൊടി പാറിച്ചു കോട്ടയം നഗരത്തിന്റെ നഗര മാതാവായി മാറിയ ബിൻസി സെബാസ്റ്റ്യൻ പുതുമുഖമാണ്. നമ്മുടെ ജില്ലയുടെ പുരോഗതിക്കായി ഒത്തൊരുമിച്ചു പ്രവർത്തിച്ചു വിജയിക്കാൻ ഇവർക്ക് സാധിക്കട്ടെയെന്നു ആശംസിക്കുന്നതിനൊപ്പം കോട്ടയത്തിന്റെ പെൺ കരുത്തിന്റെ കരങ്ങൾക്ക് വനിതാ ദിനാശംസകൾ.