കോട്ടയം: ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ഏതറ്റം വരെയും പോകാൻ തയ്യാർ ആണെന്നും കേരളത്തിൽ അക്രമ രാഷ്ട്രീയം അവസാനിച്ചിട്ടില്ലെന്നും അക്രമ രാഷ്ട്രീയം അവസാനിക്കണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം എന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര കോട്ടയം ജില്ലയിലെ സമാപന സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു അധ്യക്ഷത വഹിച്ചു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുമെന്നും കേരളത്തിൽ ഇടതു വലതു മുന്നണികൾ അഴിമതികൾക്ക് കൂട്ട് നിൽക്കുകയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു. മുൻ എംപിയും കേന്ദ്ര മന്ത്രിയുമായിരുന്ന പി സി തോമസ്,അൽഫോൻസ് കണ്ണന്താനം,എം ടി രമേശ് തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു.