കോട്ടയം: ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു വി എൻ വാസവൻ. സംസ്ഥാന സമിതിയുടെ ഇളവ് ലഭിച്ചതോടെയാണ് ഏറ്റുമാനൂർ സീറ്റിൽ വി എൻ വാസവന്റെ പേര് ഉയർന്നു വന്നത്. നിലവിലെ ഏറ്റുമാനൂർ എംഎൽഎ സുരേഷ് കുറുപ്പ് രണ്ടു തവണ മത്സരിച്ചതിനാൽ തുടർ മത്സരത്തിന് അനുമതി ലഭിച്ചിരുന്നില്ല.
സ്ഥാനാർത്ഥിത്വത്തിലും സീറ്റ് വിഭജനത്തിലും ഏകദേശ ധാരണയായതോടെ ജില്ലയിലെ എൽഡിഎഫ് ചിത്രം ഏകദേശം വെളിവായി. കോട്ടയത്ത് കെ അനിൽ കുമാർ മത്സരിക്കും. പുതുപ്പള്ളിയിൽ ജെയിക് സി തോമസും മത്സരിക്കും. കടുത്തുരുത്തിയിലും ചങ്ങനാശ്ശേരിയിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ എൽഡിഎഫിൽ തീരുമാനമായിട്ടില്ല. വൈക്കത്ത് സി.കെ ആശ, പാലായിൽ ജോസ് കെ മാണി, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ,കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ് എന്നിങ്ങനെയാണ് ഏകദേശ ചിത്രം.
പൂഞ്ഞാർ സീറ്റ് കേരളാ കോൺഗ്രസ്സ് എമ്മിന് വിട്ടു നൽകാൻ നേതൃയോഗത്തിൽ തീരുമാനമായിരുന്നു. നിലവിൽ ജില്ലയിലെ 3 സീറ്റുകളിൽ കേരളാ കോൺഗ്രസ്സ് എം മത്സരിക്കുന്നതായാണ് വിവരം. പാലാ,പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി സീറ്റുകളിലാണ് ഇപ്പോൾ കേരളാ കോൺഗ്രസ്സ് എം സ്ഥാനാർത്ഥികളെ നിർണ്ണയിച്ചിരിക്കുന്നത്. ചർച്ചകൾ അടുത്ത ദിവസം പൂർത്തിയാകുന്നതോടെ ജില്ലയിലെ തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകും.