കുറുപ്പന്തറ:കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരും എന്നും സംസ്ഥാനം ഒരു ഭരണമാറ്റത്തിന് തയ്യാറെടുക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കടുത്തുരുത്തി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മോൻസ് ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
വോട്ടർ പട്ടികയിലെ ക്രമക്കേട് വളരെ ഗുരുതരമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കേണ്ട പലയിടങ്ങളിലും ജയിക്കാൻ സാധിക്കാഞ്ഞത് ഈ ക്രമക്കേട് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് വോട്ടർപട്ടികയിൽ ക്രമക്കേട് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടികയിലെ ക്രമേക്കേട് ഇലക്ഷൻ കമ്മീഷനും അംഗീകരിച്ചു. തെരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങൾ പണമൊഴുക്കി നേടിയിരിക്കുന്നതാണ്, ഒരേ സ്ഥാപനം തന്നെയാണ് വിവിധ ചാനലുകൾക്ക് സർവ്വേ ഫലം നൽകിയിരിക്കുന്നത്.
കോടിക്കണക്കിനു രൂപയുടെ പരസ്യങ്ങൾ നൽകിയതിന്റെ പ്രത്യുപകാരം മാത്രമാണ് ഏജൻസികൾ ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതികളിൽ മുങ്ങിയ സർക്കാരാണ് ഇത്,കേരളത്തെ വിറ്റു കാശാക്കാനും പിണറായി വിജയൻ മടിക്കില്ല എന്നും അദ്ദേഹം കുറുപ്പന്തറയിൽ പറഞ്ഞു.
