പത്തനംതിട്ട: പാലാ-ഭരണങ്ങാനം ഇടപ്പാടിയിൽ വാഹനാപകടത്തിൽ മരിച്ചെന്നു കരുതി യുവാവിന്റെ സംസ്ക്കാരം നടത്തിയ ബന്ധുക്കളും നാട്ടുകാരും ഇപ്പോൾ അമ്പരപ്പിലാണ്. കുടശനാട് വിളയില്‍ കിഴക്കേതില്‍ സാബു(35) ആണ് മൂന്നു മാസത്തിനു ശേഷം ഇപ്പോൾ തിരികെ എത്തിയിരിക്കുന്നത്.
ഡിസംബർ 25 നാണു പാലാ-ഭരണങ്ങാനം ഇടപ്പാടിയില്‍ വാഹനാപകടത്തിൽ യുവാവ് മരിച്ചത്. മരിച്ചത് സാബുവാണെന്നു വീട്ടുകാർ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ സാബുവിന്റെ ഭാര്യ അന്ന് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അമ്മയും സഹോദരനും ഉറപ്പിച്ചു പറയുകയായിരുന്നു. മുൻവശത്ത് മുകൾ നിരയിലെ മൂന്നു പല്ലുകൾ ഇല്ലാതിരുന്നതാണ് ബന്ധുക്കൾ മരിച്ചത് സാബു തന്നെയെന്ന് ഉറപ്പിച്ചത്. തുടർന്ന് കുടശനാട് സെന്റ്.സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കുകയും ചെയ്തിരുന്നു.
ഇന്നലെ സാബുവിന്റെ സുഹൃത്ത് സ്വകാര്യ ബസ്സ് ഡ്രൈവറായ മുരളീധരൻ നായരെ കാണാനായി കായംകുളം ബസ്സ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സാബു ജീവനോടെയുള്ള വിവരം എല്ലാവരും അറിയുന്നത്. തിരുവനന്തപുരത്ത് ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്നും ഫോൺ നഷ്ടപ്പെട്ടതിനാലാണ് ആരെയും വിളിക്കാൻ സാധിക്കാഞ്ഞതെന്നും സാബു പറയുന്നു. എന്നാൽ ബന്ധുക്കളും നാട്ടുകാരും വീണ്ടും അമ്പരപ്പിലാണ്,ആരുടെ മൃതദേഹമാണ് സാബുവിന്റേത് എന്ന് കരുതി സംസ്ക്കരിച്ചത് എന്ന ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
