പി സി തോമസ് യുഡിഎഫിലേക്ക്,മറ്റൊരു ലയനത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി കേരളാ കോൺഗ്രസ്സ്.


കൊച്ചി: മറ്റൊരു ലയനത്തിന് കൂടി സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് കേരളാ കോൺഗ്രസ്സ് പാർട്ടി. എൻഡിഎ വിട്ടു യുഡിഎഫിലേക്ക് മുന്നണി പ്രവേശനത്തിനൊരുങ്ങുകയാണ് പി സി തോമസ്. പി സി തോമസ്സിന്റെ കേരളാ കോൺഗ്രസ്സും പി ജെ ജോസഫിന്റെ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗവും തമ്മിലാണ് ലയിക്കുന്നത്.

ലയനം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ന്നു കടുത്തുരുത്തിയിൽ നടക്കുന്ന കൺവെൻഷനിൽ പി സി തോമസ് പങ്കെടുക്കും എന്നാണു വിവരം. ലയനം സാധ്യമായാൽ പി ജെ ജോസഫ് ചെയർമാനും പി സി തോമസ് ഡെപ്യുട്ടി ചെയർമാനാകും. പലവട്ടം ഇതുസംബന്ധിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തതായാണ് വിവരം. എൻഡിഎ യിലെ അവഗണനയാണ് പി സി തോമസിനെ ഇത്തരത്തിൽ ഒരു തീരുമാനത്തിന് മുതിർന്നതെന്നാണ് വിവരം.

പാർട്ടിക്ക് നൽകാമെന്ന് പറഞ്ഞിരുന്ന ബോർഡ്,കോർപ്പറേഷൻ സ്ഥാനങ്ങൾ ലഭിച്ചിരുന്നില്ല എന്നും എൻഡിഎ നേതൃത്വം അവഗണിക്കുകയാണെന്നും പി സി തോമസ് മുൻപ് പറഞ്ഞിരുന്നു. 2001 ലാണ് കേരളാ കോൺഗ്രസ്സ് എമ്മിൽ കെ എം മാണിയുമായി തെറ്റിയതിനെ തുടർന്ന് പി സി തോമസ് ഐഎഫ്ഡിപി എന്ന സ്വന്തം പാർട്ടി രൂപീകരിക്കുകയും 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ പരാജയപ്പെടുത്തുകയും ചെയ്തു. 20 വര്ഷങ്ങള്ക്കിപ്പുറമാണ് പി സി തോമസ് വീണ്ടും യുഡിഎഫിലേക്ക് എത്തുന്നത്.