പുതുപ്പള്ളി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ സ്വന്തം മണ്ഡലമായ പുതുപ്പള്ളി വിട്ടു നേമത്ത് മത്സരിക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിനെ തുടർന്ന് പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീടിനു മുൻപിലും കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. സ്ഥാനാർഥി നിർണ്ണയ ചർച്ചകൾക്ക് ശേഷം പുതുപ്പള്ളിയിലെ വീട്ടിലെത്തിയതായിരുന്നു ഉമ്മൻ ചാണ്ടി.
എന്നാൽ താൻ മത്സരിക്കുന്നത് പുതുപ്പള്ളിയിൽ ആണെന്നും തന്റെ പേര് പുതുപ്പള്ളി മണ്ഡലത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നേമത്ത് മത്സരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടില്ല എന്നും ഉമ്മൻ ചാണ്ടി പ്രവർത്തകരോട് പറഞ്ഞു. നൂറുകണക്കിന് പ്രവർത്തകരാണ് ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിൽ തടിച്ചു കൂടിയത്. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ സ്ഥാനാര്ഥിത്വവുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി എഐസിസി ക്ക് കത്തയച്ചു.
വനിതകളടക്കമുള്ള പ്രവർത്തകർ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ടു അദ്ദേഹത്തിൻറെ വസതിക്ക് മുൻപിൽ കുത്തിയിരിക്കുകയായിരുന്നു. വീടിനു മുകളിൽ കയറി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെ ഉമ്മൻ ചാണ്ടി തന്നെയാണ് അനുനയിപ്പിച്ച് താഴെയിറക്കിയത്.