ഏറ്റുമാനൂർ: യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ലതികാ സുഭാഷ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആർപ്പൂക്കരയിലെ നവജീവൻ ട്രസ്റ്റിൽ ലതികാ സുഭാഷ് ഇന്ന് സന്ദർശനം നടത്തി.
പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചാണ് മത്സര രംഗത്തേക്കിറങ്ങിയത്. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ കൈ അടയാളത്തിൽ വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്,പക്ഷെ സീറ്റ് ജോസഫ് വിഭാഗത്തിന് കോൺഗ്രസ്സ് നിർബന്ധപൂർവ്വം നൽകുകയായിരുന്നു എന്ന് ലതികാ സുഭാഷ് പറഞ്ഞു. ഒരു പതിറ്റാണ്ട് ആയിട്ട് ഏറ്റുമാനൂർ എന്ത് നേടി? ഒത്തൊരുമിച്ചാൽ നമുക്ക് നേടാം, നഷ്ടപ്പെട്ടുപോയ പഴയ പ്രതാപത്തെ, ഏറ്റുമാനൂർ എന്നും എനിക്ക് വൈകാരികമാണ്,ഏറ്റുമാനൂരിന്റെ സമഗ്ര വികസനത്തിനായി നമുക്കൊരുമിക്കാം എന്ന് ലതികാ സുഭാഷ് പറഞ്ഞു.
നിരവധിപ്പേർ തന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും വിജയിക്കാനാകും എന്നാണു പ്രതീക്ഷയെന്നും ലതികാ സുഭാഷ് പറഞ്ഞു. വൺ ഇന്ത്യ വൺ പെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എം ജോസഫ്,ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് ആന്ധ്രൂസ്,ബേബി മരുതനാടി എന്നിവർ പിന്തുണയർപ്പിച്ച് ലതികാ സുഭാഷിനെ സന്ദർശിച്ചു.