കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മണ്ഡലങ്ങളിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകാതെ മുന്നണികൾ. പ്രാഥമിക സ്ഥാനാർഥി പട്ടികകളിൽ പോലും വനിതകളുടെ പേരുകൾ കേൾക്കാനില്ല. ചിലയിടങ്ങളിൽ വനിതകളുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തു നിന്നും നിയമസഭയിലെത്തിയത് ഒരേയൊരു വനിതാ മാത്രമാണ്. വൈക്കത്തു നിന്നും വിജയിച്ച സി കെ ആശയായിരുന്നു അത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി സി കെ ആശാ ഇത്തവണയും മത്സര രംഗത്തുണ്ട്. വൈക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മുൻ കോട്ടയം നഗരസഭാ ചെയർപേഴ്സണും കെപിസിസി സെക്രട്ടറി കൂടിയായ ഡോ. പി ആർ സോനാ മത്സരിക്കാനാണ് സാധ്യത. ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണ്ണയത്തിൽ വനിതകളുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.