കൊച്ചി: വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന കേരളാ കോൺഗ്രസ്സിൽ വീണ്ടുമൊരു ലയനത്തിന് കളമൊരുങ്ങുന്നു. പത്തിലധികം തവണ പിളരുകയും അതിനൊത്ത തവണ ലയിക്കുകയും ചെയ്യ്ത കേരളാ കോൺഗ്രസ്സ് പാർട്ടിയിലാണ് ഇപ്പോൾ വീണ്ടുമൊരു ലയനത്തിന് കളമൊരുങ്ങുന്നത്.
പി സി തോമസ്സിന്റെ കേരളാ കോൺഗ്രസ്സും പി ജെ ജോസഫിന്റെ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗവും തമ്മിൽ ലയിക്കുന്നതായാണ് സൂചനകൾ പുറത്തു വന്നിരിക്കുന്നത്. എന്നാൽ ഈ വിവരങ്ങളിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പലവട്ടം ഇതുസംബന്ധിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തതായാണ് വിവരം. എൻഡിഎ യിലെ അവഗണനയാണ് പി സി തോമസിനെ ഇത്തരത്തിൽ ഒരു തീരുമാനത്തിന് മുതിർന്നതെന്നാണ് വിവരം. പാർട്ടിക്ക് നൽകാമെന്ന് പറഞ്ഞിരുന്ന ബോർഡ്,കോർപ്പറേഷൻ സ്ഥാനങ്ങൾ ലഭിച്ചിരുന്നില്ല എന്നും എൻഡിഎ നേതൃത്വം അവഗണിക്കുകയാണെന്നും പി സി തോമസ് മുൻപ് പറഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാനം വരെ പി സി തോമസ്സിന്റെ പേരുകൾ കേട്ടെങ്കിലും സീറ്റ് ലഭിക്കാഞ്ഞതും ഒരു കാരണമാകാനാണ് സാധ്യത. 1964 ൽ കെ എം ജോർജ്ജിന്റെ നേതൃത്വത്തിലാണ് കേരളാ കോൺഗ്രസ്സ് പാർട്ടി സ്ഥാപിതമാകുന്നത്. പി ടി ചാക്കോയും പി ജെ ജോസഫും ആർ ബാലകൃഷ്‌ണ പിള്ളയുമടക്കമുള്ള നേതാക്കളായിരുന്നു പാർട്ടിയിൽ ഉണ്ടായിരുന്നത്. പിന്നീട് പല തവണ പിളർപ്പുകൾക്കും ലയങ്ങൾക്കും കേരളാ കോൺഗ്രസ്സ് പാർട്ടി സാക്ഷ്യം വഹിച്ചു. 1979 ലാണ് കെ എം മാണിയും ജോസഫും തമ്മിൽ പിളരുന്നതും കെ എം മാണി യുഡിഎഫിൽ തന്നെ ഉറച്ചു നിൽക്കുകയും പി ജെ ജോസഫ് എൽഡിഎഫിലേക്കും മുന്നണി മാറി.
ഇതിനിടെ കെ എം മാണി എൽഡിഎഫിലേക്കും ജോസഫ് യുഡിഎഫിലേക്കും മുന്നണി മാറിയിരുന്നു. 1985 ൽ ഇവർ വീണ്ടും ലയിച്ചു ഒന്നായി മാറി. 2001 ലാണ് കേരളാ കോൺഗ്രസ്സ് എമ്മിൽ കെ എം മാണിയുമായി തെറ്റിയതിനെ തുടർന്ന് പി സി തോമസ് ഐഎഫ്ഡിപി എന്ന സ്വന്തം പാർട്ടി രൂപീകരിക്കുകയും 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ പരാജയപ്പെടുത്തുകയും ചെയ്തു. പിന്നീട് പി സി തോമസ് എൻഡിഎ യുടെ ഭാഗമാകുകയായിരുന്നു. എൻഡിഎ യുടെ കേരളത്തിലെ ആദ്യ എംപി ആയിരുന്നു പി സി തോമസ്. പലതവണത്തെ പിളർപ്പുകളും ലയനങ്ങങ്ങളുമാണ് കേരളാ കോൺഗ്രസ്സിൽ നടന്നിട്ടുള്ളത്.