കോട്ടയം ജില്ലയിലെ 5 മണ്ഡലങ്ങളിൽ മത്സരത്തിനൊരുങ്ങി കേരളാ കോൺഗ്രസ്സ് എം.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ 5 മണ്ഡലങ്ങളിൽ മത്സരത്തിനൊരുങ്ങി കേരളാ കോൺഗ്രസ്സ് എം. എൽഡിഎഫിൽ ഏകദേശ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകുമ്പോൾ ചങ്ങനാശ്ശേരിയാണ് ഇപ്പോൾ തർക്ക സീറ്റായി നിലനിൽക്കുന്നത്. ചങ്ങനാശ്ശേരി സീറ്റ് കേരളാ കോൺഗ്രസ്സ് എമ്മിന് നല്കുന്നതിനോട് സിപിഐ ക്ക് വിയോജിപ്പുണ്ട്.

സിപിഎം -കേരളാ കോൺഗ്രസ്സ് ചർച്ചയിലാണ് സീറ്റ് വിഭജനം സംബന്ധിച്ച് ഏകദേശ ധാരണയായത്. ജില്ലയിൽ പാലാ,കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി,ചങ്ങനാശ്ശേരി,പൂഞ്ഞാർ എന്നീ മണ്ഡലങ്ങളിലാണ് കേരളാ കോൺഗ്രസ്സ് എം മത്സരിക്കുന്നത്. പാലായിൽ ജോസ് കെ മാണി മത്സരിക്കും. ഡോ.എൻ ജയരാജ് കാഞ്ഞിരപ്പള്ളിയിലും ജോബ് മൈക്കിൾ ചങ്ങനാശ്ശേരിയിലും പൂഞ്ഞാറിൽ സെബാസ്റ്യൻ കുളത്തുങ്കൽ/എം കെ തോമസുകുട്ടി, കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ്/ഡോ. സിന്ധുമോൾ ജേക്കബ്/സിറിയക് ചാഴികാടൻ/സഖറിയാസ് കുതിരവേലിൽ/ജോസ് പുത്തൻകാല എന്നിവരുടെ പേരുമാണ് സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. ജില്ലയിൽ സിപിഐ ക്ക് നിലവിൽ സീറ്റ് ലഭിച്ചിരിക്കുന്നത് വൈക്കത്ത് മാത്രമാണ്.