കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആന്‍റി ഡീഫേസ്മെന്‍റ് സ്ക്വാഡുകള്‍ ഇതുവരെ 6881 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ബാനറുകള്‍, പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലമുടമയുടെ അനുമതിയില്ലാതെ സ്വകാര്യ ഇടങ്ങളിലും സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ സ്വഭാവമുള്ള പ്രചാരണ സാമഗ്രികളാണ് സ്ക്വാഡുകള്‍ നീക്കുന്നത്.
ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലു പേര്‍ അടങ്ങുന്ന ഓരോ സ്ക്വാഡുകള്‍ വീതം ഒന്‍പതു നിയമസഭാ മണ്ഡലങ്ങളിലും സേവനമനുഷ്ഠിക്കുന്നു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി.എബ്രഹാമാണ് ആന്‍റീ ഡീഫേസ്മെന്‍റ് നടപടികള്‍ ഏകോപിപ്പിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സിവിജില്‍ ആപ്ലിക്കേഷനിലൂടെ പരാതി നല്‍കാം. ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവയും പരാതിയ്ക്കൊപ്പം സമര്‍പ്പിക്കാം. പരാതി ലഭിച്ചാല്‍ 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും.
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ സ്വഭാവമുള്ള പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തതായി സ്‌ക്വാഡുകള്‍ ഉറപ്പാക്കും. സ്വകാര്യ ഭൂമിയില്‍ ഉടമയുടെ അനുമതിയില്ലാതെ പ്രചാരണ സാമഗ്രികളോ ചുമരെഴുത്തോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. പരിശോധനയ്ക്കായി സ്ക്വാഡ് എത്തുമ്പോള്‍ അനുമതി പത്രം കാണിക്കണം.
Image for representation only