ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വാഹന ഇടപാടുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഏറ്റുമാനൂർ ചുണ്ടകാട്ടിൽ സതീശ് കുമാറിനെ (54)ആണ് ഞായറാഴ്ച പുലർച്ചയെ കാറിനുള്ളിൽ മരിച്ച നിലയിൽ പോലീസ് പെട്രോളിംഗ് സംഘം കണ്ടെത്തിയത്.
കഴുത്തിൽ തോർത്തു കൊണ്ട് കുരുക്കിട്ട് കാറിന്റെ ഹാന്റിലിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം കഴിച്ച ശേഷം കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നതും കഴുത്തിൽ കുരുക്ക് മുറുകിയതുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
മൃതദേഹം കണ്ടെത്തിയ കാർ ശാസ്ത്രീയ അന്വേഷണ വിഭാഗവും വിരലടയാള വിദഗ്ദ്ധരും പരിശോദിച്ചു. ഇതിന്റെ ഫലം വന്നെങ്കിൽ മാത്രമേ മരണത്തിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താനാകു എന്ന് പോലീസ് പറഞ്ഞു. കാറിനുള്ളിൽ നിന്ന് വിഷക്കുപ്പി കണ്ടെത്തിയതായും പോലീസ് പറഞ്ഞു.