കോട്ടയം: കോവിഡിനെ തുരത്തുന്ന കാര്യത്തിൽ ഒറ്റക്കെട്ടായി പോരാടുമെന്നും ഉറപ്പ് നൽകി തെരഞ്ഞെടുപ്പ് പ്രചരണത്തിരക്കുകൾ കൂടുന്നതിന് മുൻപേ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു ജില്ലയിലെ സ്ഥാനാർത്ഥികൾ. മുന്നണി വ്യത്യാസമില്ലാത്ത കോവിഡ് എന്ന എതിരാളിയെ തോൽപ്പിക്കാൻ പ്രതിരോധത്തിലൂടെ ശക്തരാകുകയാണ് സ്ഥാനാർത്ഥികൾ.
ജില്ലയിലെ സ്ഥാനാർഥികളിൽ ഭൂരിഭാഗം പേരും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. പൊതുജനങ്ങൾക്ക് വാക്സിൻ വിതരണം ജില്ലയിൽ ആരംഭിച്ച മാർച്ച് ഒന്നിന് തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി എൻ വാസവൻ വാക്സിൻ സ്വീകരിച്ചിരുന്നു. മാർച്ച് അഞ്ചിന് പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാണി സി കാപ്പനും വൈക്കത്തു മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി സി കെ ആശയും വാക്സിൻ സ്വീകരിച്ചു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന ജനപക്ഷം സ്ഥാനാർഥി പി സി ജോർജ് മാർച്ച് 8 നും എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ മാർച്ച് 12 നും വാക്സിൻ സ്വീകരിച്ചു. വാക്സിൻ സ്വീകരിക്കാത്തവർ വരുന്ന ദിവസങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കും. കോവിഡ് പ്രതിരോധത്തിനായി എല്ലാവരും തങ്ങളുടെ ഊഴമനുസ്സരിച്ച് വാക്സിൻ സ്വീകരിക്കണമെന്ന് എല്ലാ സ്ഥാനാർത്ഥികളും ഒരേ സ്വരത്തിൽ പറയുന്നു.