പ്രതീക്ഷയുടെ പുഞ്ചിരിക്കുന്ന മുഖങ്ങളാണ് കോട്ടയത്തിന്റെ ശക്തി.



കോട്ടയം: പേടിപ്പെടുത്തുന്ന ഒരു വാർത്തയായിരുന്നു പള്ളിക്കത്തോട്ടിലെ ഒരു കുടുംബത്തിലെ 6 പേർക്ക് പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു എന്നത്. പെരുംപൂവത്തിൽ രാമചന്ദ്രൻ നായർ(70), ഇദ്ദേഹത്തിന്റെ ഭാര്യ ഗീത(67), മകൻ കണ്ണൻ(37)ഭാര്യ രമ്യ(32) ഇവരുടെ മക്കൾ ആരാധ്യ(6)ആയുഷി (3) എന്നിവർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. 2020 ജൂൺ 24 നായിരുന്നു രാമചന്ദ്രൻ നായർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് കോവിഡ് രോഗ ബാധയുണ്ടായത്. എന്നാൽ ഇദ്ദേഹത്തിന്റെ സമ്പർക്ക പശ്ചാത്തലം വ്യക്തമായിരുന്നില്ല. തിമിര ശസ്ത്രക്രിയയ്ക്ക് മുൻപ് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ജൂൺ 26 നാണ് പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ജീവനക്കാരിയായ കണ്ണന്റെ ഭാര്യ രമ്യക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നടത്തിയ കുടുംബാംഗങ്ങളുടെ സാമ്പിൾ പരിശോധനയിൽ ജൂൺ 28 നു മറ്റു 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സമ്പർക്ക പശ്ചാത്തലം വ്യക്തമാകാതിരുന്നതോടെ എല്ലാവരും ആശങ്കയിലായിരുന്നതായി കണ്ണൻ ഇപ്പോഴും ഓർക്കുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ മുറികളിലായിരുന്നു ഇവരെന്ന് കഥകളി നടൻ കൂടിയായ കണ്ണൻ പറയുന്നു. വീഡിയോ കോളുകളിലൂടെ മാത്രമായിരുന്നു അന്ന് പരസ്പരം കണ്ടിരുന്നത്. മെഡിക്കൽ കോളേജ് ആരോഗ്യ വിഭാഗത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പിന്തുണയും മികച്ച ചികിത്സ സേവനങ്ങളുമാണ് ഈ മഹാമാരിയെ മറികടക്കാൻ തങ്ങൾക്ക് സാധിച്ചതെന്ന് രമ്യയും പറയുന്നു. ഇന്നും ഓർക്കുമ്പോൾ മനസ്സിൽ ഭീതികരമായ ഒരു അനുഭവമാണ് എന്ന് ഇരുവരും പറയുന്നു.

തനിക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആശുപത്രി അണുവിമുക്തമാക്കിയതായും സമ്പർക്കത്തിലേർപ്പെട്ടവർക്ക് ക്വാറന്റയിൻ നിർദേശിക്കുകയും ചെയ്തിരുന്നു എന്ന് രമ്യ പറഞ്ഞു. പള്ളിക്കത്തോട്ടിലും നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരുന്നതായും കണ്ണൻ ഓർക്കുന്നു. എത്രയും വേഗം ഈ മഹാമാരി ലോകത്തു നിന്നും തുടച്ചു നീക്കാനാകണമെന്ന പ്രാത്ഥനയിലാണ് ഈ കുടുംബം.