കേരളത്തിൽ ആശങ്കയുയർത്തി കോട്ടയത്തെ ഭീതിയിലാഴ്ത്തി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം.


കോട്ടയം: കേരളത്തിൽ ആശങ്കയുയർത്തി കോട്ടയത്തെ ഭീതിയിലാഴ്ത്തി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം. ആഗോള മഹാമാരിയായ കോവിഡ് നമ്മുടെ ജില്ലയിൽ സ്ഥിരീകരിച്ചിട്ടു ഒരു വർഷം തികയുമ്പോൾ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറച്ചു കൊണ്ട് വരാനായി നമ്മുടെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ജാഗ്രതയുടെയും കരുതലിന്റെയും ഒരു വർഷമാണ് കടന്നു പോയത്. നമ്മുടെ കോട്ടയത്തിന്റെ കോവിഡ് ചിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം.

മാർച്ച് 10, ഒരിക്കലും ഒരു കോട്ടയംകാരും മറക്കാത്ത ദിനം. ജില്ലയിൽ ആദ്യമായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് മാർച്ച് 10 നാണു. ഇറ്റലിയിൽ നിന്നും റാന്നിയിൽ എത്തിയ കുടുംബത്തിന്റെ കോട്ടയം സ്വദേശികളായ ബന്ധുക്കൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നുമെത്തിയ കുടുംബത്തെ റാന്നിയിലെ വീട്ടിൽ എത്തിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ മകൾ റീനയ്‌ക്കും മരുമകൻ റോബിനുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ ഇവരുടെ മകൾ റിയന്നയ്ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നില്ല. റാന്നി സ്വദേശികൾക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ സമ്പർക്ക പശ്ചാത്തലമുള്ള കോട്ടയം സ്വദേശികളായ ദമ്പതികളെ കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.



 മാർച്ച് 8 നു മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. മാർച്ച് 10 നു ഞെട്ടിക്കുന്ന ആ സത്യമെത്തി. ഇരുവരും കോവിഡ് പോസിറ്റീവ്. ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യ വകുപ്പ് ജാഗ്രതയിലാണ്,തുടർ നടപടികൾ വളരെ വേഗത്തിൽ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കൊറോണ ഐസൊലേഷൻ വാർഡ് പ്രത്യേകമായി ക്രമീകരിച്ചു. മഹാമാരിയുടെ പേരിൽ പേടിച്ചു വിറച്ചു നിൽക്കുമ്പോഴും കൊറോണ വാർഡിൽ ജോലി ചെയ്യാൻ സന്നദ്ധരായി ആരോഗ്യ പ്രവർത്തകരും മറ്റു ജീവനക്കാരുമെത്തി. ഇവരായിരുന്നു കോട്ടയത്തിന്റെ ശക്തി. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ എല്ലാ വകുപ്പുകളും ഒത്തൊരുമയോടെ ഉണർന്നു പ്രവർത്തിച്ചു.

കോട്ടയം ജില്ലയുടെ കളക്ടറായിരുന്ന പി കെ സുധീർ ബാബുവിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ പോലീസ് മേധാവിയായിരുന്ന ജി ജയദേവിന്റെ നേതൃത്വത്തിൽ പോലീസ് സംഘങ്ങളും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ്ബ് വർഗീസിന്റെ നേതൃത്വത്തിൽ ആരോഗ്യ മേഖലയും സർവ്വ സന്നാഹങ്ങളുമൊരുക്കിക്കഴിഞ്ഞിരുന്നു. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്ന് നിർദേശം നൽകി. കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. രോഗലക്ഷണം ഇല്ലാത്തവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചിരുന്നു. റാന്നി സ്വദേശികളുടെ കോട്ടയത്തെ ബന്ധുക്കൾക്കൊപ്പം റാന്നിയിലെ ഇവരുടെ മാതാപിതാക്കളെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ ഏറ്റവും പ്രായം കൂടിയ ഇവർക്ക് മറ്റു രോഗങ്ങളും അലട്ടുന്നതിനെ തുടർന്നാണ് മെച്ചപ്പെട്ട ചികിത്സയ്ക്കായി എൺപത്തിയഞ്ചും തൊണ്ണൂറും വയസ്സ് പ്രായമായ ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെട്ട ഇവർക്ക് പലതവണ ആരോഗ്യപരമായ ബദ്ധിമുട്ടുകൾ ഉണ്ടാകുകയും ഐസിയു വിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ബ്രേക്ക് ദി ചെയിൻ കാമ്പയിൻ സർക്കാർ ആരംഭിച്ചു. കോട്ടയത്ത് രോഗബാധിതരായവരുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം തയ്യാറാക്കി ഇതുവഴി ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്തു. വിദേശത്തു നിന്നും എത്തുന്നവർക്ക് പരിശോധന ശക്തമാക്കിയിരുന്നു.

ഇതിനിടെ കോട്ടയത്ത് എത്തിയ 2 വിദേശികളെ കെഎസ്ആർടിസി ബസ്സ് തടഞ്ഞു പോലീസ് പാലാ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് വിദേയരാക്കി ക്വാറന്റയിനിൽ പ്രവേശിപ്പിച്ചു. സ്‌പെയിനിൽ നിന്നും എത്തിയ ഇവർ മൂന്നാറിലേക്ക് പോകുന്നതിനായി കോട്ടയത്ത് എത്തിയതായിരുന്നു. ഇതോടെ റയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും തെർമൽ സ്കാനർ പരിശോധന ആരംഭിച്ചു. ഏതു അടിയന്തിര സാഹചര്യം നേരിടാനും നമ്മുടെ മെഡിക്കൽ കോളേജ് ആശുപത്രിയും ജീവനക്കാരും സജ്ജരായിരുന്നു. ആദ്യ ഘട്ടത്തിൽ 17 ഡോക്ടർമാർ 51 നേഴ്‌സിങ് ജീവനക്കാർ 30 മറ്റ് ജീവനക്കാർ എന്നിവരാണ് കൊറോണ വാർഡിൽ വിശ്രമമില്ലാതെ സേവനം ചെയ്തത്. നോഡൽ ഓഫീസർ ആർ.സജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.

ഡോക്ടർമാരും നേഴ്‌സിങ് ജീവനക്കാരും മറ്റ് ജീവനക്കാരും പ്രതിരോധ വസ്ത്രങ്ങൾ ധരിച്ചാണ് കൊറോണ വാർഡിൽ ജോലി ചെയ്തിരുന്നത്. കോവിഡ് മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചതോടെ ചെറിയ ലക്ഷണങ്ങളിൽ പോലും പേടി തോന്നി ആളുകൾ കൊറോണ കൺട്രോൾ റൂമിലേക്ക് വിളിക്കാൻ ആരംഭിച്ചിരുന്നു. ഇതേത്തുടർന്ന് സംശയങ്ങളും ആശങ്കകളും പങ്കുവെയ്ക്കുന്നതിനായി കോട്ടയം കളക്ട്രേറ്റിൽ ടെലി കൺസൾട്ടേഷൻ വിഭാഗം പ്രവർത്തന ആരംഭിച്ചു. 30 പേരടങ്ങുന്ന ജീവനക്കാർ 2 ഷിഫ്റ്റായിട്ടാണ് ഇവിടെ പ്രവർത്തിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി 50 പേരിലധികം പേർ കൂട്ടം കൂടുന്ന പരിപാടികൾ ജില്ലാ കളക്ടർ നിരോധിച്ചു. പ്രധാന മന്ത്രി ജനതാ കർഫ്യുവിനു ആഹ്വാനം ചെയ്തു. ഞായറാഴ്ച്ച പ്രധാന മന്ത്രിയുടെ ആഹ്വാനമനുസരിച്ച് എല്ലാവരും വീട്ടിൽ തന്നെയിരുന്നു ജനതാ കർഫ്യുവിൽ പങ്കാളികളായി.

ഇതിനിടെ ക്വാറന്റയിൻ ലംഘിച്ചു നടന്നവരെ പോലീസ് പിടികൂടിയ സംഭവവും ജില്ലയിൽ ഉണ്ടായി. രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയതോടെ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങൾ മാത്രമാണ് ലഭ്യമാക്കാൻ അനുമതി നൽകിയിരുന്നത്. മറ്റുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുകയായിരുന്നു. അവശ്യ സേവനങ്ങൾക്കായി തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സമയ ക്രമവും നിശ്ചയിച്ചു നൽകി. അനാവശ്യ യാത്രകൾ തടയുന്നതിനായി പാസ്സ് സംവിധാനം ഏർപ്പെടുത്തി. ജില്ലകൾ വിട്ടുള്ള യാത്രകൾക്ക് അനുമതിയുണ്ടായിരുന്നില്ല. പോലീസ് കർശന പരിശോധനകളാണ് ജില്ലയിലുടനീളം നടത്തിയിരുന്നത്. മാർച്ച് 25 നു ശുഭ വാർത്ത നമ്മളെ തേടിയെത്തി. ജില്ലയിൽ ആദ്യമായി കോവിഡ് ബാധിച്ച ദമ്പതികൾ രോഗമുക്തരായി.

ഇക്കാലമത്രയും ഇവരുടെ മകൾ ആശുപത്രിയിൽ മറ്റൊരു മുറിയിൽ കഴിയുകയായിരുന്നു. ആരോഗ്യ പ്രവർത്തകരായിരുന്നു കുട്ടിയുടെ കാര്യങ്ങൾ ശ്രദ്ധയോടെ നോക്കിയിരുന്നത്. ആശുപത്രി ജീവനക്കാരുടെ പൊന്നോമനയായിരുന്നു ഇവരുടെ മകൾ എന്ന് കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്‌സും ഇടുക്കി സ്വദേശിനിയുമായ പാപ്പാ ഹെൻട്രി പറയുന്നു. ടെഡി ബെയർ സമ്മാനിച്ചാണ് ഇവരുടെ പൊന്നോമനയെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് യാത്രയാക്കിയത്. കേരളത്തിലെ ആരോഗ്യ രംഗത്തിനും കോട്ടയം മെഡിക്കൽ കോളേജിനും അഭിമാന നിമിഷമായിരുന്നു അത്. മാർച്ച് 28 നു ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി നിർദേശിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത് മറ്റെവിടെയും ലഭിക്കാത്ത മികച്ച ചികിത്സാ സേവനങ്ങളാണെന്നു അവർ ഇരുവരും പറഞ്ഞിരുന്നു. 



കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ പോലീസ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി. മാർച്ച് 30 നു കൊറോണ വൈറസ് ബാധയുടെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. ഇതിനിടെ നാട്ടിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടു പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചു. അവർക്ക് ആവശ്യമായ ഭക്ഷണവും താമസ സൗകര്യവും ജില്ലാ ഭരണകൂടം ഉറപ്പു നൽകി. മാർച്ച് 30 നു മറ്റൊരു സന്തോഷ വാർത്തയും കോട്ടയത്തെ തേടിയെത്തിയിരുന്നു. ഏറ്റവും പ്രായം കൂടിയ രോഗബാധിതരായ റാന്നിയിലെ വൃദ്ധ ദമ്പതികൾ രോഗമുക്തരായി എന്ന വാർത്ത.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്. ഇവരെ കൂടെ നിന്ന് പരിചരിച്ച കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയായ രേഷ്മ മോഹൻദാസിന് രോഗബാധ സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിലെ സേവനത്തിൽ നിന്നും ആർജ്ജവമുൾക്കൊണ്ടു സംസ്ഥാനത്തെ ഏതു കൊറോണ വാർഡിലും ജോലി ചെയ്യാൻ സന്നദ്ധതയറിയിച്ച മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സായ പാപ്പാ ഹെൻട്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ കോവിഡ് ആശുപത്രികൾ സജ്ജമാക്കിയിരുന്നു. ഏപ്രിൽ 3 നു വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു,ഒപ്പം രോഗം ഭേദമായി ഇവരെ പരിചരിച്ച നേഴ്സ് രേഷ്മ മോഹൻദാസും. 



കൊറോണയെ തോല്‍പ്പിക്കാന്‍ വീണ്ടുമെത്തുമെന്ന പറഞ്ഞ രേഷ്മ ഏവർക്കും മാതൃകയായി നമ്മുടെ ആരോഗ്യരംഗത്തെ തിളങ്ങുന്ന നക്ഷത്രമായി മാറിയിരുന്നു. വോഗ് ഇന്ത്യ മാഗസീനിന്റെ വുമൺ ഓഫ് ദി ഇയർ വാരിയർ ഓഫ് ദി ഇയർ പുരസ്‌ക്കാരവും രേഷമയെ തേടി എത്തിയിരുന്നു. 



ഇതോടെ കോട്ടയം ജില്ലയിൽ രോഗബാധിതരായ എല്ലാവരും രോഗമുക്തി നേടിയിരുന്നു. ആരോഗ്യ പ്രവർത്തകർക്കൊപ്പം മറ്റു വിഭാഗം ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടം സ്വന്തമാക്കിയത്. കൊറോണ വൈറസ് ബാധിച്ചു കോട്ടയംമെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച എല്ലാവരെയും രോഗം ഭേദമാക്കി വീട്ടിലേക്ക് തിരിച്ചയച്ച ആത്മവിശ്വാസത്തിൽ കോട്ടയത്തിന്റെ മാലാഖമാർ കാസർഗോഡും സേവനം ചെയ്തു. കോട്ടയത്തു നിന്നും ഒരു സംഘം ആരോഗ്യ പ്രവർത്തകരാണ് കാസർഗോഡ് കോവിഡ് ആശുപത്രിയിൽ സേവനം ചെയ്തത്. ഏപ്രിൽ അവസാനത്തോടെ കോട്ടയം മാർക്കറ്റിലെ ചുമട്ടു തൊഴിലാളിക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ മാർക്കറ്റിലും പനച്ചിക്കാടും നിയന്ത്രണം ഏർപ്പെടുത്തി. മുൻകരുതൽ നടപടികളുടെ ഭാഗമായി രോഗബാധ സ്ഥിരീകരിച്ച മേഖലകൾ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു കർശന നിയന്ത്രണം ഏർപ്പെടുത്തി.

രോഗബാധിതരുടെ എണ്ണം മെയ് മാസം മുതൽ വർധിക്കാൻ തുടങ്ങി. ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതർ ആരുമില്ലാതിരുന്ന ഗ്രീൻ സോണിലായിരുന്ന കോട്ടയം ഓറഞ്ചും കടന്നു റെഡ് സോണിലെത്തി. മെയ് 4 നു പനച്ചിക്കാട് സ്വദേശികൾ രോഗമുക്തരായി. മെയ് 7 നു വിദേശത്തു നിന്നും 13 കോട്ടയം സ്വദേശികളുൾപ്പടെയുള്ള പ്രവാസികളുമായി വന്ദേ ഭാരത് മിഷൻ ആദ്യ വിമാനം കൊച്ചിയിൽ എത്തി. കോട്ടയം സ്വദേശികൾക്ക് ജില്ലാ ഭരണകൂടം ക്വാറന്റയിൻ സംവിധാനം ഒരുക്കിയിരുന്നു. നിരവധി കോട്ടയം സ്വദേശികളാണ് ഈ മിഷനിൽ പങ്കാളികളായത്. നിരവധി ആരോഗ്യ പ്രവർത്തകരായ കോട്ടയം സ്വദേശികൾക്ക് വിദേശത്ത് കോവിഡ് പ്രതിരോധ സേവനങ്ങൾക്ക് ആദരം ലഭിച്ചു. മെയ് 18 നു കോട്ടയത്തു നിന്നും അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിൻ യാത്ര തിരിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടഞ്ഞു തന്നെ കിടന്നു. ക്ലാസ്സുകൾ ഓൺലൈനായി ആരംഭിക്കുകയായിരുന്നു.

ആശങ്കയുയർത്തുന്ന മറ്റൊരു വാർത്തയായിരുന്നു പള്ളിക്കത്തോട്ടിലെ ഒരു കുടുംബത്തിലെ 6 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധയുടെ ഉറവിടം വ്യക്തമാകാഞ്ഞത് നാടിനെ ഭീതിയിലാഴ്ത്തി. തുടർന്നു വന്ന ദിവസങ്ങളിൽ ജില്ലയിൽ ആന്റിജൻ പരിശോധന കൂടുതൽ ശക്തമാക്കി. പാറത്തോട്ടിൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതും ആശങ്കയുളവാക്കിയിരുന്നു. ഒരാളിൽ നിന്നും 17 പേർക്കാണ് അന്ന് പാറത്തോട്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് വന്ന ദിവസങ്ങളിൽ അതിരമ്പുഴ,ഏറ്റുമാനൂർ,ചങ്ങനാശ്ശേരി മേഖലകളിൽ രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂലൈ 26 നാണു ജില്ലയിലെ ആദ്യ കോവിഡ് മരണം സംഭവിക്കുന്നത്. ചുങ്കം നാടുമാലിൽ ഔസേപ്പ് ജോർജ് (83) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്ക്കാര ചടങ്ങുകളുടെ ബന്ധപ്പെട്ടു മുട്ടമ്പലം ശ്‌മശാനത്തിൽ തർക്കങ്ങൾ ഉണ്ടാകുകയും പിന്നീട് ഇവിടെത്തന്നെ സംസ്കരിക്കുകയും ചെയ്തു.

ജൂലൈയിൽ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 100 കടന്നു. പിന്നീട് രോഗബാധിതരുടെ എണ്ണം ഉയരുന്ന മാസങ്ങളായിരുന്നു. സെപ്റ്റംബറിലും ഒക്ടോബറിലും രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് 2020 ഡിസംബർ 20 നാണു. 905 പേർക്കാണ് അന്ന് ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. നീണ്ട 11 മാസത്തെ കോവിഡ് പോരാട്ടത്തിനൊടുവിൽ ഫെബ്രുവരി മാസം വാക്സിൻ ലഭ്യമായി. ആദ്യം കോവിഡ് മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്കും ഇപ്പോൾ പൊതുജനങ്ങൾക്കും വാക്സിൻ വിതരണം ആരംഭച്ചു.

നിരവധി കോട്ടയം സ്വദേശികളാണ് വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞത്. 202 പേരാണ് ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരണമടഞ്ഞത്. ജില്ലയിൽ നിലവിൽ 2536 പേർ ചകിത്സയിലുണ്ട്. ഇതുവരെ കോട്ടയം ജില്ലയിൽ 81076 പേർ കോവിഡ് രോഗബാധിതരായി. 78540 പേർ ഇതുവരെ രോഗമുക്തി നേടി. 10679 പേരാണ് ജില്ലയിൽ നിലവിൽ ക്വാറന്റയിനിൽ കഴിയുന്നത്.