വൈക്കത്ത് മത്‌സര രംഗത്ത് സി കെ ആശ. ജില്ലയിലെ സിപിഐ യുടെ ഏക സ്ഥാനാർഥി,ജില്ലയിലെ ഏക എൽഡിഎഫ് വനിതാ സാരഥി.


കോട്ടയം: വൈക്കം നിയോജകമണ്ഡലത്തിൽ പ്രചാരണ രംഗത്തു സജീവമാകുകയാണ് സി കെ ആശ. വൈക്കം മണ്ഡലത്തിൽ ഇത് രണ്ടാം തവണയാണ് സി കെ ആശ ജനവിധി തേടുന്നത്. എൽഡിഎഫ് സീറ്റ് വിഭജനത്തിൽ ജില്ലയിലെ സിപിഐ യുടെ ഏക സ്ഥാനാർത്ഥിയാണ് സി കെ ആശ.

സിപിഐ യുടെ ജില്ലയിലെ സീറ്റുകളായിരുന്നു വൈക്കവും കാഞ്ഞിരപ്പള്ളിയും. എന്നാൽ ഇത്തവണ കാഞ്ഞിരപ്പള്ളി കേരളാ കോൺഗ്രസ്സ് എമ്മിന് നൽകിയതോടെ ജില്ലയിൽ ഒരേയൊരു സീറ്റായ വൈക്കത്ത് മാത്രമാണ് സിപിഐ മത്സരിക്കുന്നത്. ജില്ലയിലെ ഏക സിപിഐ സ്ഥാനാർഥി എന്നതിനുമപ്പുറം ജില്ലയിലെ ഏക എൽഡിഎഫ് വനിതാ സാരഥി കൂടിയാണ് സി കെ ആശ. 2016 ലെ തെരഞ്ഞെടുപ്പിൽ 24584 വോട്ടുകൾക്കാണ് സി കെ ആശ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നിലവിൽ സിപിഐ ജില്ലാ കൗൺസിൽ അംഗവും എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് സി കെ ആശ.

എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ചുവർഷം കേരളത്തിലെമ്പാടും നടത്തിയ വികസന പ്രവർത്തനങ്ങൾ വൈക്കം നിയോജക മണ്ഡലത്തിലും എത്തിക്കുവാൻ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുള്ളതായി സി കെ ആശ പറഞ്ഞു. രണ്ട് പ്രളയവും തുടർന്നുണ്ടായ കൊറോണ രോഗ വ്യാപനവും നിമിത്തം ഏകദേശം ഒന്നര വർഷത്തോളം വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ആവാതെ വന്നതുമൂലം തുടക്കംകുറിച്ച പല വികസന പ്രവർത്തനങ്ങളും ഇനിയും പൂർത്തീകരിക്കേണ്ടതായിട്ടുണ്ട് എന്നും കൂടുതൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് നമ്മുടെ നാടിനെ മുന്നോട്ടു നയിക്കുവാൻ കേരളത്തിൽ വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരേണ്ടതുണ്ട് എന്നും അതിനായി ഏവരുടെയും കൂട്ടായ പ്രവർത്തനം ഉണ്ടാകണമെന്നും സി കെ ആശ പറഞ്ഞു.