കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനവും പാലായിൽ പി സി തോമസും സ്ഥാനാർത്ഥികളായേക്കും.


കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ ബിജെപി സ്ഥാനാർഥി നിർണ്ണയം പൂർത്തിയാകാനൊരുങ്ങുന്നു. ഇന്നോ നാളെയോ സ്ഥാനാർഥി നിർണ്ണയം പൂർത്തിയായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനത്തിനും പാലായിൽ പി സി തോമസിനും സീറ്റ് നൽകി മത്സരിപ്പിക്കണമെന്ന ആവശ്യമാണ് മുന്നണിക്കുള്ളിലുള്ളത്.

കാഞ്ഞിരപ്പള്ളിയിലും പാലായിലും ശക്തമായ മത്സരം കണക്കിലെടുത്താണ് ഇരുവരുടെയും പേരുകൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അൽഫോൻസ് കണ്ണന്താനം മുന്നണിയെ അറിയിച്ചതായാണ് വിവരം. പൂഞ്ഞാർ,വൈക്കം,ഏറ്റുമാനൂർ സീറ്റുകൾ ബിഡിജെഎസ് നു നൽകാനാണ് ബിജെപി തീരുമാനം.

ജില്ലയിലെ സീറ്റുകളിൽ ജെ പ്രമീളാ ദേവി, വി എൻ മനോജ്, നോബിൾ മാത്യു,എൻ ഹരി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. പി സി തോമസും പാലായിൽ മത്സരിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ ബിജെപിക്ക് ഇവർ ഇരുവരും മത്സരിക്കണം എന്ന നിലപാടാണുള്ളത്.