കോട്ടയം: ആൽപ്പാറയിൽ ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറിയ കാറിൽ നിന്നും ജീവൻ പണയം വെച്ച് ഡ്രൈവറെ രക്ഷിച്ചത് കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ. കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫിന്റെ സമയോചിതമായ ഇടപെടലാണ് ഒരു ജീവനെ വൻ ദുരന്തത്തിൽ നിന്നും കൈപിടിച്ചു കയറ്റിയത്.
മോനിപ്പള്ളി സ്വദേശിയയായ റെജി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു ആൽപ്പാറയിൽ ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറുകയായിരുന്നു. ഭീമാകാരമായ വലിയ ശബ്ദം കേട്ടാണ് എബി സംഭവമറിയാൻ റോഡിലേക്ക് എത്തിയത്. ഒരു കാർ ട്രാൻസ്ഫോർമാരിൽ ഇടിച്ചു കയറിയ കാഴ്ച്ച എബിയെ നടുക്കിയെങ്കിലും മറ്റൊന്നും ചിന്തിക്കാതെ കാറിനടുത്തേക്ക് ഓടിയെത്തുകയായിരുന്നു. കാർ ട്രാൻസ്ഫോർമരിൽ ഇടിച്ചു കയറിയതോടെ കാറിനു മുകളിലേക്ക് ട്രാൻസ്‌ഫോർമർ പതിക്കുകയായിരുന്നു. വൈദ്യുതി കമ്പികൾ കാറിനു മുകളിലേക്കും റോഡിലേക്കും പൊട്ടി വീണു.
കാറിനുള്ളിൽ ഒരു കുടുംബം മുഴുവൻ ഉണ്ടാകുമെന്ന ഭീതിപ്പെടുത്തുന്ന ഓർമ്മയിലാണ് എബി കാറിനരികിലേക്ക് ഓടിയെത്തിയത്. എന്നാൽ കാറിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാറിന്റെ ചില്ല് കൈകൊണ്ടു തകർത്ത ശേഷം ഡിക്കി തുറക്കാൻ ആവശ്യപ്പെടുകയും അതുവഴി മോനിപ്പള്ളി സ്വദേശിയയായ റെജിയെ പുറത്തെത്തിക്കുകയുമായിരുന്നു. റെജിയെ പുറത്തെത്തിച്ചപ്പോഴേക്കും തീ ആളിപ്പടരാൻ തുടങ്ങിയിരുന്നു.
റെജിക്ക് പരിക്കുകൾ ഉണ്ടായിരുന്നില്ല. കൈകൊണ്ട് കാറിന്റെ ഗ്ളാസ് തകർത്തതിനാൽ എബിയുടെ കൈക്ക് പരിക്കേറ്റിരുന്നു. എബിയെ ഉഴവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. വൻ ദുരന്തമാകാമായിരുന്ന അപകട ദൃശ്യം മുന്നിൽ കണ്ടപ്പോൾ സ്വന്തം ജീവൻ പോലും പണയം വെച്ചാണ് എബി കാറിന്റെ ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
ഫോട്ടോ:മനു അടിമാലി.