ആശങ്കയുയർത്തി എരുമേലിയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു.



എരുമേലി: എരുമേലിയിൽ വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. വെള്ളിയാഴ്ച്ച മാത്രം എരുമേലിയിൽ 41 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച 15 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. കൂടുതലായി രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലയായ എരുമേലി ഗ്രാമപഞ്ചായത്ത് വാർഡ് 23 ശ്രീനിപുരം ജില്ലാ കളക്ടർ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.  

 

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും മേഖലയിൽ ശക്തമാക്കി. കോവിഡ് രോഗബാധയുടെ ആദ്യ ഘട്ടങ്ങളിൽ എരുമേലിയിൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ പിന്നീട് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകളായി ദിവസേന രോഗബാധിതരുടെ എണ്ണം ഉയരുന്ന സ്ഥിതിയിലായിരുന്നു. എരുമേലിയിൽ സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് വെള്ളിയാഴ്ച്ചത്തേത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ രോഗബാധിതരുടെ എണ്ണം ആശങ്കാവഹമായി ഉയരുകയാണ്. കാഞ്ഞിരപ്പള്ളി,പാറത്തോട്, മുണ്ടക്കയം,കോരുത്തോട് മേഖലകളിലും ഇപ്പോൾ രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ട്. 

    നൂറിലധികം പേരാണ് താലൂക്കിലെ വിവിധ മേഖലകളിലായി കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. താലൂക്കിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനവും അവതാളത്തിലാണ്. എരുമേലിയിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ ആരോഗ്യ വകുപ്പ് പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 

File Photo