കുറവിലങ്ങാട്:പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം തീർഥാടന കേന്ദ്രത്തിലെ മൂന്നു നോമ്പ് തിരുനാളിന്റെ ഭാഗമായി ദേവാലയത്തിൽ കപ്പൽ പ്രതിഷ്ഠിച്ചു.

ജനുവരി 25,26,27 തീയതികളിലാണ് തിരുനാൾ. 26 നാണു പ്രസിദ്ധമായ കപ്പൽ പ്രദിക്ഷിണം. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് തിരുനാൾ നടത്തുന്നത് എന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനി പറഞ്ഞു. പ്രത്യേക മുറിയിൽ സൂക്ഷിച്ചിരുന്ന കപ്പൽ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ നേതൃത്വത്തിലുള്ള പ്രത്യേകപ്രാർഥനകളോടെയാണ് കപ്പൽ പ്രത്യേക മുറിയിൽ നിന്ന് പുറത്തെടുത്ത് ദേവാലയത്തിൽ പ്രതിഷ്ഠിച്ചത്. തിരുനാളിന്റെ രണ്ടാം ദിനമായ 26 നു കടപ്പൂർ നിവാസികളാണ് കപ്പൽ സംവഹിക്കുന്നത്. തിരുനാൾ തിരുക്കർമ്മങ്ങൾ യൂടൂബിലും സമൂഹമാധ്യമങ്ങൾ വഴിയും കാണാനാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
