ബുറേവി;തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലാ കളക്ടർമാർക്ക് ജാഗ്രതാ നിർദേശം.


തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി’ ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്ന് പോകുമെന്നും ഇതിന്റെ സ്വാധീനം മൂലം കേരളത്തിൽ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും 2020 ഡിസംബർ 4 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഡിസംബർ 5 ന് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

    അതിതീവ്ര മഴയുണ്ടാവുന്ന സാഹചര്യത്തിൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും വെള്ളപ്പൊക്കം ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ജില്ലാ കളക്ടർമാർക്ക് ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ജില്ലാദുരന്തനിവാരണ അതോറിറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം വിളിച്ചു ചേർത്ത് തയ്യാറെടുപ്പുകൾ വിലയിരുത്തേണ്ടതാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തണം എന്നും ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ് എന്നും ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലകളിലെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. ചുഴലിക്കാറ്റിന്റെ പ്രഭാവം രൂക്ഷമാകുന്ന ഘട്ടത്തിൽ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഉൾപ്പെടെ നിർത്തി വെക്കേണ്ടി വരുന്ന സാഹചര്യം മുൻകൂട്ടി കാണേണ്ടതാണ് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

    മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കർശനമായി നടപ്പിലാക്കുക. കാലാവസ്ഥാവകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യപിച്ചിരിക്കുന്ന ജില്ലകളിൽ അവശ്യസർവീസുകൾ ഒഴികെയുള്ളവയും,പൊതുഗതാഗതത്തിനും ഡിസംബർ 3, 4, 5 എന്നീ തീയ്യതികളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി.