തൊടുപുഴ: യുഡിഎഫിന് പിന്തുണയറിയിച്ച് ജോസ് കെ മാണിയുടെ സഹോദരീ ഭർത്താവ് പി ജെ ജോസഫുമായി കൂടിക്കാഴ്ച്ച നടത്തി. കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ പാലയില്‍ മത്സരിക്കുമെന്നും എം പി ജോസഫ് പറഞ്ഞു. കേരളത്തിലെ മത നിരപേക്ഷ ജനാതിപത്യ ചേരിയെ ശക്തിപ്പെടുത്താൻ എന്നും ഉണ്ടാകുമെന്ന് എം പി ജോസഫ് പറഞ്ഞു. കെ. എം മാണിയെ സ്നേഹിക്കുന്നവർക്ക് ഇടതുപക്ഷത്തോട് ചേർന്നു നിൽക്കാനാവില്ല. കാരണം കമ്യൂണിസത്തിനെതിരെയായിരുന്നു മാണിയുടെ രാഷ്ട്രീയ പോരാട്ടം. പല വാഗ്ദാനങ്ങളുമായി കമ്യൂണിസ്റ്റുകാർ പുറകെ വന്നപ്പോഴും നിലപാടിൽ ഉറച്ചുനിന്ന നേതാവാണ് അദ്ദേഹം എന്നും എം പി ജോസഫ് പറഞ്ഞു. മാണിസാറിനെ രാഷ്ട്രീയ പൈതൃകം എപ്പോഴും ജനാധിപത്യത്തിനും ജനങ്ങൾക്കുമൊപ്പമായിരുന്നു. അദ്ദേഹം സന്തോഷിക്കണമെങ്കിൽ യു.ഡി.എഫ് പാലാ സീറ്റ് തിരിച്ചുപിടിക്കണം എന്നും എം പി ജോസഫ് പറഞ്ഞു. എം.പി. ജോസഫിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പി.ജെ. ജോസഫ് പ്രതികരിച്ചു. രമേശ് ചെന്നിത്തലയുമായും എം പി ജോസഫ് ഇന്ന് കൂടിക്കാഴ്ച്ച നടത്തും.