പാലാ: കോട്ടയം ജില്ലയിലെ ചെറുകിട കർഷകർക്കു ആശ്വാസമായി ഫാംഫ്രണ്ട് ആപ്ലിക്കേഷൻ. കോട്ടയം ജില്ലയിലെ ചെറുകിട കർഷകർക്ക് തങ്ങളുടെ ഉത്പ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽപ്പന നടത്താൻ ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. ഇതിലൂടെ കർഷകർക്ക് തങ്ങളുടെ ഉത്പ്പന്നങ്ങൾ ന്യായമായ വിലക്ക് വിൽക്കാനാകും. ഫാംഫ്രണ്ട് ആപ്ലിക്കേഷൻ ഉത്‌ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിച്ചു. കെ ആർ നാരായണൻ്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ സഹകരണത്തോടെയാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്.
കോവിഡ് മൂലമുണ്ടായ വിപണി തകർച്ചയിൽ കൂടുതൽ ബുദ്ധിമുട്ടിലായത് കർഷകരാണ്. ഇനി കർഷകർക്ക് തങ്ങളുടെ ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി അലയേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. ഫാംഫ്രണ്ട് ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആപ്ലിക്കേഷൻ ഉപജ്ഞാതാവ് തൊമ്മൻ ജോസ് എന്നിവർ അറിയിച്ചു. നിലവിൽ കോട്ടയം ജില്ലയിൽ മാത്രമാണ് സേവനം ലഭ്യമാകുന്നത്. കർഷകർക്കു തങ്ങളുടെ ഉത്പ്പന്നങ്ങൾ അവരവരുടെ ഫോൺ നമ്പർ സഹിതം ലിസ്റ്റ് ചെയ്യാനാകും. ഇതുവഴി നേരിട്ടു കച്ചവടം സാധ്യമാകുന്നതോടെ കർഷകർക്കു നേട്ടമുണ്ടാക്കാനാകും എന്ന് ഇരുവരും പറഞ്ഞു.
കോവിഡ് തുടക്ക സമയത്ത് വീട്ടിൽ ഉത്പാദിപ്പിച്ച 70 കിലോ കപ്പ വിൽക്കാനായി നിരവധി കടകൾ കയറിയിറങ്ങിയെങ്കിലും നടക്കാതെ വന്നതോടെയാണ് കർഷകർക്ക് തങ്ങളുടെ ഉത്പ്പന്നങ്ങൾ വിൽക്കുന്നതിനായി ആപ്ലിക്കേഷൻ തയ്യാറാക്കുന്നതിനായി തീരുമാനിച്ചത് എന്ന് തൊമ്മൻ ജോസ് ഇടപ്പറമ്പിൽ പറഞ്ഞു. കെആർ നാരായണനോടുള്ള ആദരസൂചകമായാണ് ജന്മശതാബ്ദിയോടനുബന്ധിച്ചു ആപ്ലിക്കേഷൻ പുറത്തിറക്കിയത് എന്ന് അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സാബു എബ്രാഹം, ബേബി സൈമൺ, തൊമ്മൻ ജോസ്, കെ ആർ സൂരജ് എന്നിവർ സംബന്ധിച്ചു.
