കോട്ടയം: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം നവംബർ 16 നു ആരംഭിക്കും. നവംബര്‍ 15 ന് വൈകിട്ട് നട തുറക്കും. കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം നടത്തുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് ദർശനത്തിനു അനുമതി നൽകുക. ഇടദിവസങ്ങളിൽ 1000 പേർക്കും ശനി,ഞായർ ദിവസങ്ങളിൽ 2000 പേർക്കുമാണ് ദർശനത്തിന് അനുമതി. മണ്ഡലപൂജ,മകരവിളക്ക് ദിവസങ്ങളില്‍ 5000 പേർക്ക് പ്രവേശനം അനുവദിക്കും.
വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമായിരിക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. നിലയ്ക്കലിലും ,പമ്പയിലും ശബരിമല പാത കടന്നു പോകുന്ന ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും കൊവിഡ്-19 പരിശോധനയ്ക്കുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ശബരിമലയുടെ ബന്ധപ്പെട്ടു ജോലിക്കായി എത്തുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ബെയ്സ് ക്യാമ്പ് നിലയ്ക്കല്‍ ആയിരിക്കും. പമ്പയിൽ വാഹന പാർക്കിങ്ങിന് അനുമതിയില്ല. ഭക്തരെ പമ്പയില്‍ ഇറക്കിയശേഷം വാഹനങ്ങള്‍ തിരികെ നിലയ്ക്കല്‍ പാർക്ക് ചെയ്യണം. പമ്പാ നദിയില്‍ സ്നാനം അനുവദിക്കുകയില്ല. പകരം പ്രത്യേക ഷവറുകള്‍ ക്രമീകരിക്കും. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചു അന്നദാനം ക്രമീകരിക്കും. പമ്പയിലും സന്നിധാനത്തും വിരിവെയ്ക്കാൻ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
നിലയ്ക്കലില്‍ അയ്യപ്പന്‍മാര്‍ക്ക് ചെറിയ തോതില്‍ വിരിവയ്ക്കാന്‍ സൗകര്യം നൽകും. ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ അയ്യപ്പഭക്തര്‍ പമ്പയിലേക്ക് മടങ്ങേണ്ടതാണ്. ഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. സ്വമിഅയ്യപ്പന്‍ റോഡ് വഴി ആണ് പമ്പയില്‍ നിന്ന് ശബരിമല കയറേണ്ടതും ഇറങ്ങേണ്ടതും. റോഡിന്‍റെ വിവിധ പോയിന്‍റുകളില്‍ അയ്യപ്പഭക്തര്‍ക്കായി എമര്‍ജെന്‍സി മെഡിക്കല്‍ കേന്ദ്രങ്ങളും ഓക്സിജന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കും. നെയ്യഭിഷേകം നടത്തിനുള്ള സംവിധാനം ഉണ്ടായിരിക്കില്ല. ഭക്തര്‍ ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന നെയ്യ് ദേവസ്വം ജീവനക്കാര്‍ ശേഖരിച്ച് അഭിഷേകത്തിനായി കൊണ്ടുപോകും. അഭിഷേകം നടത്തിയ ആടിയ ശിഷ്ടം നെയ്യ് പ്രസാദവും മറ്റ് പ്രസാദങ്ങളും ഭക്തര്‍ക്ക് ദേവസ്വത്തിന്‍റെ പ്രത്യേക കൗണ്ടറുകള്‍ വഴി ലഭ്യമാക്കും. അപ്പം,അരവണ പ്രസാദവും സന്നിധാനത്ത് നിന്ന് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ദര്‍ശനത്തിന് എത്തുന്നവർ നിര്‍ബന്ധമായി മാസ്കും കൈയ്യുറകളും ധരിക്കണം.