തിരുവനന്തപുരം: എൽ ഡി എഫിലെ പതിനൊന്നാം ഘടക കക്ഷിയായി കേരളാ കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം. ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തിന് ഔദ്യോഗിക അംഗീകാരം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. സീറ്റ് വിഭജനം സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. ഉപാധികളില്ലാതെയാണ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായത് എങ്കിലും പാലാ സീറ്റ് വിഷയത്തിൽ എൻ സി പി ഇപ്പോഴും ആശങ്കയിലാണ്. കേരളാ കോൺഗ്രസ്സ് എം ജോസ് കെ മാണി വിഭാഗം എൽ ഡി എഫിൽ എത്തിയതോടെ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കൂടുതൽ ഗുണം ചെയ്യുമെന്നും മുന്നണിക്ക് മുന്നേറ്റം നൽകുമെന്നും യൂ ഡി എഫ് ദുർബ്ബലപ്പെടുമെന്നും എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. അടുത്ത എൽ ഡി എഫ് യോഗത്തിൽ ജോസ് കെ മാണിയും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് സംബന്ധമായ കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.