എരുമേലി: നാടിന്റെ യുവത്വത്തെ ലഹരിയുടെ ചുഴിയിലേക്ക് തള്ളിവിടാനൊരുങ്ങിയ ഹാൻസ് വിൽപ്പനക്കാർ വീണ്ടും പോലീസ് വലയിൽ. ജാമ്യത്തിലിറങ്ങി നാളുകൾക്കുള്ളിൽ പഴയതിനേക്കാൾ വലിയ സന്നാഹത്തോടെ ലഹരി വിൽപനയ്ക്കായി ഇറങ്ങിയ എരുമേലി സ്വദേശികളായ യുവാക്കളാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
എരുമേലി ചരള സ്വദേശി കമ്പിയിൽ വീട്ടിൽ ഷാനി അബൂബക്കർ (38), എരുമേലി മറ്റന്നൂർക്കര പള്ളംതുണ്ടിയിൽ അൻസാരി നദീം(42) എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ എരുമേലിയിലാണ് സംഭവം. പ്രതിയുടെ പുതിയ നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. തുടർന്ന് ഡാൻസാഫ് സംഘം പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു.
കൃത്യമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സിനിമ സ്റ്റൈൽ നീക്കത്തിനൊടുവിലാണ് വാഹനം പിന്തുടർന്ന് ഇരുവരെയും പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത് അഞ്ചോളം ചാക്കുകളിലായി 6000 പാക്കറ്റ് ഹാൻസ് ആണ്. വെറും പതിമൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇതേ പ്രതി സമാനമായ കേസിൽ പിടിയിലായിരുന്നത്. പോലീസിനെ വെട്ടിച്ചു കടന്നുകളയാമെന്ന വ്യാമോഹത്തിൽ നടത്തിയ പുതിയ നീക്കമാണ് ഇപ്പോൾ ഡാൻസാഫ് സംഘത്തിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടലിലൂടെ തകർന്നടിഞ്ഞത്.
പ്രതികൾ സഞ്ചരിച്ച വാഹനം എരുമേലി ഭാഗത്തേക്ക് വരുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ഡാൻസാഫ് സംഘം വാഹനം തടയാൻ ശ്രമിക്കുകയും നിർത്താതെ കുതിച്ചുപാഞ്ഞ വാഹനം സംഘം കിലോമീറ്ററുകളോളം പിന്തുടർന്ന് സാഹസികമായി വളഞ്ഞുപിടിക്കുകയായിരുന്നു. ചെറുപ്പക്കാരെ ലക്ഷ്യമിട്ട് വൻതോതിൽ വിതരണം ചെയ്യാനായി കൊണ്ടുവന്നതാണ് ഈ ലഹരി വസ്തുക്കൾ എന്ന് പോലീസ് സ്ഥിരീകരിച്ചു. നാടിന്റെ സ്വൈര്യജീവിതവും യുവതലമുറയുടെ ആരോഗ്യവും തകർക്കുന്ന ഇത്തരം മാഫിയാ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.
കേസിൽ പ്രതികൾക്ക് ഒത്താശ ചെയ്ത മറ്റാരെങ്കിലും പിന്നിലുണ്ടോയെന്നും അന്തർ സംസ്ഥാന-അന്തർജില്ലാ ലഹരി കടത്ത് സംഘങ്ങൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ലഹരി വസ്തുക്കളും വാഹനവും കോടതിയിൽ ഹാജരാക്കും. നാളുകൾക്ക് മുൻപ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഷാനിയെ മൂവായിരത്തോളം ഹാൻസ് പായ്ക്കറ്റുകളുമായി പോലീസ് പിടികൂടിയിരുന്നു.