കൃത്യമായ അന്വേഷണം ഇല്ലാതെ ഒരാദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്തത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിൽ? യൂണിഫോം പോലും ധരിക്കാത്ത പോലീസുകാർ അഭിലാഷിനെ പൈശാചികമ


കോട്ടയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ  തെക്കേക്കര പഞ്ചായത്തിലെ എടക്കര ഉന്നതി നിവാസിയായ അഭിലാഷ് എന്ന ആദിവാസി യുവാവിനെ യൂണിഫോം ധരിക്കാത്ത അഞ്ചു പോലീസുകാർ ഒരു ഇന്നോവ കാറിൽ പിടിച്ചു കയറ്റി ഏകദേശം ഏഴു കിലോമീറ്റർ ഓളം  സഞ്ചരിച്ചു ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ സന്ദർശിച്ചു.

പോലീസുകാർ യൂണിഫോം ധരിക്കാതെ എത്തിയത് നെയിം പ്ലേറ്റ് കാണാതിരിക്കുന്നതിന് വേണ്ടിയാണ് എന്നാണ് അഭിലാഷിന്റെ കുടുംബവും സുഹൃത്തുക്കളും പറയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ടയിൽ എത്തിയപ്പോൾ മാത്രമാണ് പോലീസ് ജീപ്പും യൂണിഫോം ധരിച്ച പോലീസുകാരും എത്തിയത്. അഭിലാഷിനെ മർദിക്കണം എന്ന് വ്യക്തമായി ആസൂത്രണം ചെയ്തിട്ടു തന്നെയാണ് കൃത്യം നടപ്പിലാക്കിയത് എന്നും വി എൻ വാസവൻ ആരോപിച്ചു.

ഇലക്ട്രിസിറ്റി ബോർഡിലെ കരാർ ജീവനക്കാരൻ ആയ അഭിലാഷിനെ കമ്പി മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഏഴു കിലോമീറ്റർ ഓളം ക്രൂരമായി പീഡനത്തിന് വിധേയനായ അഭിലാഷ് പോലീസ് സ്റ്റേഷന് മുൻപിൽ കുഴഞ്ഞ് അവശനായി ബോധരഹിതനാവുകയായിരുന്നു. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ച് തലയിലും ഗുരുതരമായി ചതവ് കണ്ടെത്തിയ അഭിലാഷിനെ അടുത്തുള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും  ഗുരുതരമായ പരിക്ക് ആയിരുന്നതിനാൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനായി ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മനസ്സ് മരവിപ്പിക്കുന്ന ക്രൂരമർദ്ദനത്തിന്റെ വിവരണങ്ങൾ ആയിരുന്നു അഭിലാഷ് പറഞ്ഞതെന്നും ഒരു പെറ്റി കേസ് പോലും ഇല്ലാത്തതും യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത അഭിലാഷിനെതിരെ മോഷണ ആരോപണം നടത്തിയത് ആർക്കുവേണ്ടിയാണെന്നും കൃത്യമായ അന്വേഷണം ഇല്ലാതെ ഒരാദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്തത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിൽ ആണെന്നും യൂണിഫോം പോലും ധരിക്കാത്ത പോലീസുകാർ  അഭിലാഷിനെ പൈശാചികമായി തല്ലിച്ചതച്ചത് ആരുടെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകിയെ പറ്റൂ. അഭിലാഷിന്റെയും കുടുംബത്തിന്റെയും ശാരീരികവും മാനസികവുമായ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തേണ്ടതാണ്. എസ് ടി പ്രമോട്ടർ ആയ ജിഷ്ണുവും അഭിലാഷിന്റെ കുടുംബവും സുഹൃത്തുക്കളും അന്വേഷിച്ചു എത്തിയപ്പോൾ മാത്രമാണ് അഭിലാഷിനെ പോലീസ് വിട്ടയച്ചത് എന്നും അടിയന്തരവും സൗജന്യവുമായ  ഏറ്റവും മികച്ച ചികിത്സയും മറ്റു സഹായങ്ങളും അഭിലാഷിനും കുടുംബത്തിനും സർക്കാർ ഉത്തരവാദത്തിൽ എത്തിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വരഹിതമായ ഈ പ്രവർത്തിയിൽ  ആഭ്യന്തര വകുപ്പും  സർക്കാരും മൗനം വെടിഞ്ഞ് മറുപടി പറയേണ്ടതാണ്. ഈ ക്രൂര മർദ്ദനം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിലെ എല്ലാ സാധാരണ ജനങ്ങൾക്കും അന്തസായി ജീവിക്കുന്നതിനും ആദിവാസി വിഭാഗത്തിലെ സഹോദരങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ആയി ശക്തമായ രീതിയിൽ പ്രതിഷേധിക്കണമെന്നും വി എൻ വാസവൻ പറഞ്ഞു. നീചവും നിന്ദ്യവുമായ പോലീസിന്റെ മനുഷ്യത്വ രഹിതമായ ഈ പ്രവർത്തിയിൽ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.