ജോലിക്കിടെ കുഴഞ്ഞു വീണു, മസ്തിഷ്ക മരണം സംഭവിച്ച ഇടുക്കി സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്തു, മരണത്തിലും നാലുപേർക്ക് തണലായി ചാക്കോ, വൃക്ക കോട്ടയം മെഡിക്ക


മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മസ്തിഷ്കമരണം സംഭവിച്ച ഇടുക്കി ചുരുളി സ്വദേശി പൊരിമറ്റത്തിൽ ചാക്കോ മൈക്കിൾ (അനി – 41) ആണ് മരണത്തിലും നാലുപേർക്ക് തണലായി മാറിയത്.

 

 ഓഗസ്റ്റ് 29-ന് രാവിലെ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മൂവാറ്റുപുഴയിലെ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

 

 ചാക്കോയുടെ ഒരു വൃക്ക കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലും രണ്ടാമത്തെ വൃക്ക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്ക് നൽകി. രണ്ടു നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മുഖേന രണ്ടുപേർക്ക് കാഴ്ചയേകും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക ആലപ്പുഴ  സ്വദേശിക്ക് വിജയകരമായി മാറ്റിവെച്ചു. തീരാവേദനകൾക്കിടയിലും ഭാര്യ ഷെറിനും അമ്മ റോസ്‌ലിയും സഹോദരനും അവയവ ദാനത്തിനു സമ്മതം അറിയിക്കുകയായിരുന്നു. റിച്ചാർഡ് ആണ് മകൻ. സംസ്കാരം ഇന്ന് രാവിലെ ചുരുളി സെന്റ്. തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു.