മണർകാട്: എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 7 ന് വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പ്രധാന മദ്ബഹായിലെ ദൈവമാതാവ് ഉണ്ണിയേശുവിനെ വഹിച്ചു കൊണ്ട് നിൽക്കുന്ന ചായചിത്രം അടങ്ങുന്ന തിരുനട സ്ലീബാ പെരുന്നാൾ ദിവസമായ ഇന്നലെ സന്ധ്യാ നമസ്ക്കാരത്തോടെ അടച്ചു.
ശുശ്രൂഷകൾക്ക് എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ.തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായും ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായും മുഖ്യ കാർമ്മികരായി.
വർഷത്തിൽ ഒരിക്കൽ മാത്രം ദർശനത്തിനായി തുറക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും, ഉണ്ണിയേശുവിന്റെയും ഛായാചിത്രം കഴിഞ്ഞ ഏഴിനാണ് തുറന്നത്. ഇതിനോടകം ലക്ഷക്കണക്കിന് വിശ്വാസികൾ ദർശനം നടത്തി മടങ്ങി. ഇനി 2027ലെ എട്ടു നോമ്പ് പെരുന്നാളിന്റെ ഏഴാം ദിനത്തിലാണ് നട വീണ്ടും തുറക്കുക. പെരുന്നാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങളും ഇന്നലെ സമാപിച്ചു.