കോട്ടയം: നഴ്സിങ് മേഖലയിലെ നോബൽ സമ്മാനമെന്ന് അറിയപ്പെടുന്ന ആസ്റ്റർ ഗാർഡിയൻ-ഗ്ലോബൽ നഴ്സിങ് അവാർഡ് യുകെയിലെ മലയാളി നഴ്സ് കോട്ടയം സ്വദേശിനി ഡോ. അജിമോൾ പ്രദീപിന്. 250,000 അമേരിക്കൻ ഡോളർ (ഏകദേശം രണ്ടുകോടി 38 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ് കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.
കോട്ടയം ചുങ്കം കാനാക്കുന്നേൽ കെ.ജെ. ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ് ഡോ. അജിമോൾ പ്രദീപ്. കോട്ടയം ചാലുകുന്നേൽ കണിയാംകുളം വീട്ടിൽ പ്രദീപ് ജേക്കബാണ് ഭർത്താവ്. വിദ്യാർഥികളായ കാത്തി, വാലന്റീൻ എന്നിവർ മക്കളാണ്. കുടുംബം കെന്റിലെ ആഷ്ഫോഡിലാണ് താമസം. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ഡയറക്ടർ ടി. ജെ. വിൽസൺ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരം സമ്മാനിച്ചത്.
214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിലധികം റജിസ്ട്രേഷനുകളിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. നേരത്തെ, ഇന്ത്യയിലെ പദ്മ അവാർഡുകൾക്കു സമാനമായ ബ്രിട്ടണിലെ ബ്രിട്ടീഷ് എംപയർ മെഡൽ (ബിഇഎം) നേടിയിട്ടുള്ള ഡോ. അജിമോൾ പ്രദീപ് വീണ്ടും ആഗോളതലത്തിലുള്ള മറ്റൊരു അംഗീകാരത്തിലൂടെ മലയാളികൾക്കാകെ അഭിമാനമാകുകയാണ്. ലോകമെമ്പാടുള്ള 134,000 അപേക്ഷകരിൽ നിന്നുമാണ് പത്തുപേരെ അവാർഡിന്റെ ഫെനലിസ്റ്റുകളായി തിരഞ്ഞെടുത്തത്.
ഇവരിൽ ഏറ്റവുമധികം ഓൺലൈൻ വോട്ടുകൾ ലഭിച്ച ആളെയാണ് അന്തിമ വിജയിയായി തിരഞ്ഞെടുത്തത്. രോഗീ പരിചരണം, നഴ്സിങ് ലീഡർഷിപ്പ്, നഴ്സിങ് വിദ്യാഭ്യാസം, സോഷ്യൽ ആൻഡ് കമ്യൂണിറ്റി സർവീസ്, റിസർച്ച് ആൻഡ് ഇന്നവേഷൻ എന്നീ രംഗങ്ങളിലെ സംഭാവനകൾ കണക്കിലെടുത്താണ് ഫൈനലിസ്റ്റുകളെ നിശ്ചയിച്ചത്. നഴ്സിങ് ലീഡർഷിപ്പ്, വിദ്യാഭ്യാസം, ഓർഗൺ ഡൊണേഷൻ രംഗങ്ങളിൽ ഡോ. അജിമോൾ നൽകിയ സംഭാവനകളാണ് അവാർഡ് പട്ടികയിലെ അന്തിമ പത്തിൽ എത്താൻ സഹായിച്ചത്.
2008 മുതൽ ഓർഗൺ ട്രാൻസ്പ്ലാന്റ് രംഗത്ത് പ്രവർത്തിക്കുന്ന ഡോ. അജിമോളുടെ ഈ രംഗത്തെ പ്രവർത്തനവും ഏറെ പ്രശംസനീയമാണ്. 2018ൽ ഈ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അജിമോൾക്ക് ബ്രിട്ടീഷ് എംപയർ മെഡൽ ലഭിച്ചത്. യുകെയിലെ പ്രശസ്തമായ കിങ്സ് കോളജ് ഹോസ്പിറ്റലിൽ സീനിയർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററും സല്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഓണററി സീനിയര്‍ ലക്ചററുമായി സേവനമനുഷ്ഠിക്കുകയാണ് നിലവിൽ അജിമോൾ പ്രദീപ്. യുകെയിലെ ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കിടയിൽ അവയവദാനത്തെക്കുറിച്ചും സ്റ്റെംസെൽ ദാനത്തെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിൽ ഇവർ നിർണായക പങ്കുവഹിച്ചു.
ഇതിനായി ഇവർ സ്ഥാപിച്ച 'ഉപഹാർ' എന്ന സംഘടന വഴി പതിനായിരത്തിലധികം സ്റ്റെംസെൽ ദാതാക്കളെ രജിസ്റ്റർ ചെയ്യിക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ വിദേശത്തുനിന്നെത്തുന്ന നഴ്സുമാരെ യുകെയിൽ ജോലി നേടാൻ സഹായിക്കുന്നതിലും ഇവർ സജീവമാണ്. ലഭിച്ച പുരസ്കാര തുകയുടെ പകുതി ഭാഗം അവയവ-സ്റ്റെംസെൽ ദാന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി 'ഉപഹാർ' പദ്ധതിക്ക് നൽകുമെന്നും, ബാക്കി തുക വികസ്വര രാജ്യങ്ങളിലെ ആരോഗ്യ പരിപാലനവും നഴ്സിംഗ് വിദ്യാഭ്യാസവും മെച്ചപ്പെടുത്താനായി വിനിയോഗിക്കുമെന്നും അജിമോൾ പ്രദീപ് അറിയിച്ചു.
ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനത്തിന്റെ പ്രത്യേക അഭിനന്ദന സന്ദേശവും ചടങ്ങിൽ വായിച്ചു. അന്താരാഷ്ട്ര നഴ്സസ് ദിനമായ മേയ് 12നായിരുന്നു ഫൈനലിസ്റ്റുകളുടെ പേരുകൾ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്ന് അജിമോളിനൊപ്പം മറ്റൊരു മത്സരാർഥിയും ഫൈനലിൽ ഇടം നേടിയിരുന്നു. സ്വീഡൻ, സൗദി അറേബ്യ, ചൈന, കൊളംബിയ, നമീബിയ, നൈജീരിയ, പാപ്വ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നഴ്സിങ് പ്രതിഭകളും അന്തിമ പട്ടികയിൽ ഉണ്ടായിരുന്നു.